തമിഴ്നാട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്ന നാടകീയ സംഭവങ്ങള്‍ക്ക് അവസാനമെന്നോണം വികെ ശശികല എന്ന ജയലളിതയുടെ തോഴി, ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിക്കഴിഞ്ഞു. ജയിലിലെത്തിയ ശശികലയ്ക്ക് ചില പ്രത്യേക ആവശ്യങ്ങളുമുണ്ടായിരുന്നു. തന്റെ സെല്ലില്‍ ചില സൗകര്യങ്ങളൊരുക്കി തരണം എന്നായിരുന്നു അവരുടെ ആവശ്യം. ഷുഗറുള്ളതിനാല് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രമെ കഴിക്കാനാവു. യൂറോപ്പ്യന്‍ ക്ലോസറ്റുള്ള ശൗചാലയം തന്നെ വേണം. 24 മണിക്കൂറും ചൂടുവെള്ളം ലഭ്യമാക്കണം. ധ്യാനിക്കാനായി സ്ഥലം അനുവദിക്കണം. ആവശ്യങ്ങളൊന്നും തന്നെ ഇതുവരെ പരിഗണിച്ചിട്ടില്ല. ജയില്‍ അധികൃതര്‍ അറിയിച്ചത് പ്രകാരം കട്ടിലും ഫാനും ടിവിയുമുള്ള സെല്ലിലായിരിക്കും അവരെ പാര്‍പ്പിക്കുക. ശശികല ആവശ്യപ്പെട്ടത് പ്രകാരം പ്രത്യേക സെല്‍ അനുവദിച്ചിട്ടില്ലാത്തതിനാല്‍ സെല്ലില്‍ മറ്റ് രണ്ട് സ്ത്രീകള്‍ കൂടി ഉണ്ടാവും. ദിവസവും രണ്ട് പത്രം അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടതായാണറിയുന്നത്.
ജയിലില്‍ തനിക്കൊരു സഹായിയെ അനുവദിക്കണം എന്നാവശ്യപ്പെട്ട ശശികലയ്ക്ക് സഹായിയെ അനുവദിക്കാനും തീരുമാനമായി. എന്നാല്‍ ഭക്ഷണം മറ്റ് തടവുകാര്‍ക്ക് അനുവദിച്ചിരിക്കുന്നത് പോലെതന്നെയാവും ലഭ്യമാക്കുക. മൂന്ന് സാരിയാണ് ധരിക്കാന്‍ കൊടുത്തിരിക്കുന്നത്. മെഴുകുതിരി നിര്‍മാണവും ചന്ദനത്തിരി നിര്‍മാണവുമാണ് ശശികലയ്ക്ക് ജയിലില്‍ ജോലി. ദിവസവേതനം 50 രൂപ. ബന്ധുവും കൂട്ടുപ്രതിയുമായ ജെ. ഇളവരശി, വി.എന്‍. സുധാകരന് എന്നിവരും പാരപ്പന അഗ്രഹാര ജയിലിലുണ്ട്. ബംഗളൂരു ജയില്‍വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ മൂന്നു പേരെയും നടപടികള്‍ക്കു ശേഷം ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയില്‍ വളപ്പില്‍ തയാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. കനത്ത സുരക്ഷയാണ് പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. ജയിലിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. എന്നാല്‍ ശശികലയ്ക്കെതിരേ നീക്കമുണ്ടായത് പോലീസിനെ അത്ഭുതപ്പെടുത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ശശികലയ്ക്ക് വസ്ത്രങ്ങളും മരുന്നുമായി എത്തിയ വാഹനമാണ് ആക്രമിക്കപ്പെട്ടത്.