ന്യൂഡൽഹി: എഐഎഡിഎംകെ മുൻ നേതാവ് വി.കെ. ശശികലയുടെ 1600 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ചെന്നൈ, കോയമ്പത്തുർ, പുതുച്ചരി എന്നിവിടങ്ങളിൽ ബിനാമി പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണു നടപടി എടുത്തത്.
2016 നവംബറില്‍ നോട്ട് അസാധുവാക്കലിനു ശേഷമാണ് ഇത്രയും വസ്തുവകകൾ ശശികല വാങ്ങിക്കൂട്ടിയത്. ചെന്നൈയിലെ മാള്‍, പുതുച്ചേരിയിലെ ജ്വല്ലറി, പേരംമ്പൂരിലെ റിസോര്‍ട്ട്, കോയമ്പത്തൂരിലെ പേപ്പര്‍ മില്‍ ഉള്‍പ്പടെ ഒന്‍പത് വസ്തുവകകളാണ് കണ്ടുകെട്ടിയത്. വീട്ടുജോലിക്കാരി, ഡ്രൈവര്‍, പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവരുടെ പേരിലാണ് ശശികല വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പ അഗ്രഹാര ജയിലിലാണ് നിലവിൽ ശശികല. ജയിലിലാണെങ്കിലും സ്ഥാപനങ്ങളുടെ നടത്തിപ്പ് ശശികലയുടെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.