ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി പദവി ഏറ്റെടുക്കണമെന്ന് ശശികലയോട് എഐഎഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ ശശികലയെ നേരിട്ട് കണ്ടാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ഉള്‍പ്പെടെ പ്രമുഖര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്നു ശശികലയോട് ആവശ്യപ്പെട്ടിരുന്നു.
അന്തരിച്ച നേതാവിന്റെ മനഃസാക്ഷിക്കൊപ്പം ഏറെക്കാലം പ്രവര്‍ത്തിച്ചതിനാല്‍ ആ പദവിയിലേക്കു ശശികല സ്വാഭാവികമായും ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്ന് അണ്ണാ ഡിഎംകെ വക്താവ് സി. പൊന്നയ്യന്‍ പറഞ്ഞിരുന്നു. എഡിഎംകെ സ്ഥാപകനും തന്റെ വഴികാട്ടിയുമായ എം.ജി.ആറിന്റെ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍ത്തിച്ചയാളാണ് അമ്മ ജയലളിത. അതേപോലെ ജയലളിതയ്ക്കുവേണ്ടി ശശികലയും നിലകൊണ്ടു.
നല്ലകാലത്തുമാത്രമല്ല കഷ്ടകാലത്തുമുള്‍പ്പെടെ 33 വര്‍ഷത്തോളം ജയലളിതയ്‌ക്കൊപ്പം ചിന്നമ്മ (ശശികല) പ്രവര്‍ത്തിച്ചു. ഐക്യത്തോടെ മുന്നേറാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കിയതു ശശികലയാണ്. അതിനാല്‍ സ്വാഭാവികമായും അവര്‍ നേതൃസ്ഥാനത്തെത്തിയിരിക്കുകയാണെന്നും പൊന്നയ്യന്‍ പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനവും ശശികല ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ നിന്നുയരുന്നത്.