ഇത് പതിനെട്ടാമത്തെ അടവ്! ഗവര്‍ണര്‍ക്കു കുലുക്കമില്ല; ശശികല നിരാഹാരത്തിന്; പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബിജെപിയും

sasikal1

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം പിടിക്കാനുള്ള ശ്രമത്തിനു തിരിച്ചടികള്‍ നേടിരുന്നതോടെ എഡിഎംകെ നേതൃത്വം നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന. രാജ്ഭവനു മുന്നിലോ മറീനാ ബീച്ചിലെ ജയാ സ്മാരകത്തിലോ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ശശികല ഉപവാസമിരിക്കുമെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പനീര്‍സെല്‍വത്തിനു പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തിന് അവസരം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ഇതുവരെയും മന്ത്രിസഭ ഉണ്ടാക്കാന്‍ തന്നെ ക്ഷണിക്കാത്ത ഗവര്‍ണര്‍ക്കെതിരേ ശശികല കഴിഞ്ഞദിവസം രൂക്ഷമായ പരാമര്‍ശം നടത്തിയിരുന്നു. എഡിഎംകെയെ പിളര്‍ക്കാനാണു ഗവര്‍ണര്‍ തീരുമാനം വൈകിക്കുന്നതെന്ന് കാഞ്ചീപുരം കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന എഡിഎംകെ എംഎല്‍എമാരെ കണ്ടശേഷം ശശികല പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായാണ് ശശികല ഉപവാസത്തിനൊരുങ്ങുന്നത്.

അതേസമയം, ശശികല ക്യാന്പില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ രണ്ടു മന്ത്രിമാരും നാല് എംപിമാരും ഒരു എംഎല്‍എയും ജയലളിതയുടെ വിശ്വസ്തന്‍ സി.പൊന്നയ്യന്‍ അടക്കം ഏതാനും മുന്‍ മന്ത്രിമാരും പനീര്‍ശെല്‍വത്തിന്‍റെ കൂടെയായി. സ്കൂള്‍ വിദ്യാഭ്യാസമന്ത്രിയും മാ ഫ്വാ എന്ന റിക്രൂട്ട്‌മെന്‍റ് സ്ഥാപനത്തിന്‍റെ സാരഥിയുമായ കെ.പാണ്ഡ്യരാജന്‍ രാവിലെ പനീര്‍ശെല്‍വപക്ഷം ചേര്‍ന്നിരുന്നു. 15 എംഎല്‍എമാര്‍ തന്നോടൊപ്പം ചേരുമെന്ന് പാണ്ഡ്യരാജന്‍ അവകാശപ്പെട്ടു.

ശശികലയും പനീര്‍ശെല്‍വവും മന്ത്രിസഭ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനമൊന്നും അറിയിച്ചിട്ടില്ല. ശശികലയ്‌ക്കെതിരായ സ്വത്തുകേസില്‍ സുപ്രീംകോടതി വിധി ഈയാഴ്ച ഉണ്ടാകാനിരിക്കുന്നതാണ് കാരണമെന്നാണു സൂചന.

ശശികലയെ സത്യപ്രതിജ്ഞ ചെയ്യിക്കുകയും കേസില്‍ എതിരായി വിധി വരികയും ചെയ്താല്‍ നിയമസഭാംഗമല്ലാത്ത ഒരാളെ വേണ്ടത്ര വീണ്ടുവിചാരമില്ലാതെ മുഖ്യമന്ത്രിയാക്കി എന്ന ആക്ഷേപം ഗവര്‍ണറുടെമേല്‍ വീഴും. അതേസമയം, ദിവസങ്ങള്‍ വൈകുംതോറും ശശികലയ്ക്ക് അണികള്‍ ചോര്‍ന്നുപോകുമെന്ന ഭീതിയുണ്ട്. പനീര്‍ശെല്‍വത്തിന് ഓരോ ദിവസവും പിന്തുണ കൂടിവരുന്നത് ശശികല ക്യാന്പിനെ വിറളിപിടിപ്പിച്ചിട്ടുണ്ട്.

Related posts