മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നാളുകള്‍ നീണ്ട ആശുപ്രതിവാസവും പിന്നീടുള്ള അവരുടെ മരണവും വലിയ ദുരൂഹതയുണര്‍ത്തിയ സംഭവങ്ങളായിരുന്നു. ജീവിച്ചിരുന്നപ്പോഴെന്നതുപോലെ തന്നെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ഇപ്പോഴിതാ അവരുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ ഉറ്റതോഴി വികെ ശശികല രംഗത്തെത്തിയിരിക്കുന്നു. കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആദ്യം ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചുവെന്നാണ് അണ്ണാ ഡി.എം.കെ വിമത നേതാവ് വി.കെ ശശികല പറയുന്നത്. 2016 സെപ്റ്റംബര്‍ 22നാണ് ജയ കുളിമുറിയില്‍ വീണത്.
ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനോടാണ് ശശികല ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയില്‍ വച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീര്‍സെല്‍വം, എം തമ്പിദുരൈ എന്നിവര്‍ ജയയെ കണ്ടിരുന്നുവെന്നും ശശികല അന്വേഷണ സംഘത്തോട് പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല തടവുശിക്ഷ അനുഭവിക്കുകയാണ്.