ജോസി ജോസഫ്
കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍തുടര്‍ച്ചാ അവകാശിയെച്ചൊല്ലി അവകാശവാദങ്ങളും ആളെ കൂട്ടലും തമിഴ്‌നാട്ടില്‍ തകൃതി. ജയലളിതയുടെ അടുത്ത തോഴി ശശികല അധികാരം ഉറപ്പിക്കാന്‍ കരുനീക്കങ്ങള്‍ തുടരുമ്പോള്‍ ജയയുടെ സഹോദരന്‍ ജയകുമാറിന്റെ പുത്രി ദീപ ജയകുമാര്‍ ശശികലയ്‌ക്കെതിരേ ആഞ്ഞടിച്ച് രംഗത്തെത്തി.
ജയലളിതയുടെ രാഷ്ട്രീയ ഗുരുവും സിനിമയില്‍ പ്രധാന ജോഡിയുമായിരുന്ന എംജിആറിന്റെ മരണശേഷം ഉണ്ടായതിനു സമാനമായ സ്ഥിതിവിശേഷമാണ് വീണ്ടും രൂപപ്പെട്ടിട്ടുള്ളത്. അന്ന് അധികാരം പിടിക്കാന്‍ എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയും തമ്മിലായിരുന്നു പോരാട്ടം. ഇന്ന് ജയലളിതയുടെ മരണശേഷം വീണ്ടും രണ്ട് സ്ത്രീകളാണ് രംഗത്തുള്ളത്. അന്ന് അധികാരം ജയലളിതയില്‍ ചെന്ന് ഉറയ്ക്കുന്നതുവരെ തമിഴ് രാഷ്ടീയം കലങ്ങിമറിഞ്ഞുനിന്നു. ഇപ്പോഴത്തെ തമ്മിലടിയും ഇതില്‍ ആരെങ്കിലും വ്യക്തമായ മുന്നേറ്റം നടത്തുന്നതുവരെ തുടരും എന്നുവേണം കരുതാന്‍.
അന്ന് എംജി ആറിന്റെ അന്തിമ കര്‍മങ്ങളില്‍ നിന്ന് ജയലളിതയെ ബലംപ്രയോഗിച്ചുതന്നെ മാറ്റി നിര്‍ത്തിയെങ്കില്‍ ഇന്ന് ദീപയ്ക്കും അതേ സാഹചര്യം നേരിടേണ്ടിവന്നു. ഭാവിയില്‍ താന്‍ ഒരു ഭീഷണിയാണെന്നു കണ്ട് പണ്ടുമുതലേ തന്നെ ആന്റിയില്‍നിന്നും അകറ്റി നിര്‍ത്തിയതിനുപിന്നില്‍ ശശികലയാണെന്നാണ് ദീപയുടെ വിശ്വാസം. അത് അവര്‍ ചില അഭിമുഖങ്ങളില്‍ തുറന്നടിക്കുകയുംചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതിയില്‍ കേസുള്ള കാര്യമാണ് ശശികലയ്‌ക്കെതിരേ ദീപ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഇത്തരത്തിലൊരാളെ എങ്ങനെയാണ് ഉന്നത സ്ഥാനത്തേക്കു കൊണ്ടുവരുന്നതെന്നാണ് ദീപയുടെ ചോദ്യം. മാത്രമല്ല ശശികലയ്ക്ക് ജനകീയ പിന്തുണ ഇല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ ആരുംതന്നെ ദീപയെ അനുകൂലിച്ചു പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും ജയലളിതയുമായി രൂപസാദൃശ്യമുള്ളതിനാല്‍ അവര്‍ക്കു ചെറുതല്ലാത്ത പിന്തുണയുണ്ട്. ഏതായാലും തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ശശികലയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ എഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ ശശികലയെയാണു പിന്തുണയ്ക്കുന്നത്.
ശശികല
ജയലളിതയുടെ ഉറ്റതോഴി എന്ന അഡ്രസാണ് ശശികലയുടെ ഇപ്പോഴുള്ള തലയെടുപ്പിനു കാരണം. ഈ ബന്ധത്തിന്റെ ആഴം മന്ത്രിമാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുവരെയും നിയമസഭാ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതുവരെയും എത്തിനില്‍ക്കുമ്പോഴാണ് ജയലളിതയുടെ മരണം.
ശശികല വെറും ഒരു സാധാരണക്കാരിയായിരുന്നു. തഞ്ചാവൂരില്‍ മന്നാര്‍ഗുഡിയില്‍ കൃഷിക്കാരായ വിവേകാനന്ദ- കൃഷ്ണവേണി ദമ്പതികളുടെ മകളായിട്ടായിരുന്നു ജനനം.നാല് സഹോദരങ്ങള്‍ക്ക് രണ്ട് സഹോദരിമാര്‍. സ്കൂള്‍ പഠനം എന്തുകൊണ്ടോ പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഇവര്‍ കഥയിലേക്കെത്തുന്നത് വിവാഹത്തോടെയാണ്.
ഭര്‍ത്താവ് നടരാജന്‍. സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലികമായി പിആര്‍ഒയുടെ ജോലിയായിരുന്നു. കടലൂര്‍ കളക്ടറോടൊപ്പം ജോലിചെയ്യവേ നടരാജന്റെ അപേക്ഷപ്രകാരം മുഖ്യമന്ത്രി എജിആറിന്റെ സുഹൃത്തുകൂടിയായിരുന്ന കളക്ടര്‍ വിഎസ് ചന്ദ്രശേഖരണ് എംജി ആറിന് ശശികലയെ പരിചയപ്പെടുത്തുന്നത്. അന്ന് ജയലളിത എഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്നു ജയലളിത. അവര്‍ക്കുവേണ്ടി പാര്‍ട്ടിയുടെ പരിപാടികള്‍ ചിത്രീകരിക്കലായിരുന്നു ശശികലയുടെ ആദ്യജോലി.സിനിമാക്കമ്പക്കാരിയായിരുന്ന ശശികലയ്ക്ക് അന്ന് കാസറ്റ് വാടകയ്ക്കുകൊടുക്കുന്ന ബിസിനസും ഉണ്ടായിരുന്നു. ജയലളിതയുമായി 1980കളില്‍ ആരംഭിച്ച ബന്ധം 1991ല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോഴേക്കും വളരെ ദൃഢമായിരുന്നു.
അതിനു മുമ്പ് 1989 ല്‍ ശശികല കുടുംബ സമേതം പോയസ്ഗാര്‍ഡനിലേക്ക് താമസം മാറ്റിയിരുന്നു. ജയലളിതയുടെ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു ശശികല, പോയസ്ഗാര്‍ഡനിലെ കാര്യങ്ങള്‍ നോക്കാന്‍ തന്റെ സ്വദേശമായ മന്നാര്‍ഗുഡിയില്‍നിന്നു 40 ജോലിക്കാരുമാണ് പോയസ്ഗാര്‍നിലേക്ക് എത്തിയത്. പിന്നീട് ഈ ജോലിക്കാരെ രാഷ്ടീയ എതിരാളികള്‍ മന്നാര്‍ഗുഡി മാഫിയ എന്നാണ് വിശേഷിപ്പിച്ചുവന്നത്. ഏതായാലും. 2011 ല്‍ ശശികല ഭര്‍ത്താവ് നടരാജന്‍ എന്നിവര്‍ അടക്കം 12 പേരെ ജയലളിത പാര്‍ട്ടിയില്‍ന്ന് പുറത്താക്കി. അവരെ മൂന്നുമാസംകഴിഞ്ഞ തിരിച്ചെടുക്കുന്ന സമയത്തൊഴിച്ച് ശശികല ജയലളിതയുടെ വിശ്വസ്തയായി പോയസ് ഗാര്‍ഡനില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ ശശികല അധികാര കേന്ദ്രമായി വളര്‍ന്നു വേരുറപ്പിച്ച സമയത്തായിരുന്നു ജയലളിതയുടെ അപ്രതീക്ഷിത മരണം.
ദീപ ജയകുമാര്‍
1974 ല്‍ ജയലളിതയുടെ വസതിയായ പോയസ്ഗാര്‍ഡനിലെ വേദനിലയത്തിലായിരുന്നു ദീപ ജയകുമാറിന്റെ ജനനം. അച്ഛന്‍ ജയലളിതയുടെ സഹോദരന്‍ ജെ.ജയകുമാര്‍, അമ്മ വിജയലക്ഷ്മി. 1978 ല്‍ ചെന്നൈയിലെ ടി നഗറിലേക്ക് താമസം മാറ്റുന്നതുവരെ ജയലളിതയുടെ ഓമനക്കുഞ്ഞായാണ് ദീപ വളര്‍ന്നത്.
ചെന്നൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദീപ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദംനേടി. തുടര്‍ന്ന് മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ജേണലിസത്തില്‍ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കി. അതിനുശേഷം കുറച്ചുകാലം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ സബ്എഡിറ്ററായി ജോലിചെയ്തു. 2010 ബ്രിട്ടനിലേക്ക് പോയി. അവിടെ ജേണലിസത്തില്‍ തന്നെ മറ്റൊരു ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. 2012ലായിരുന്നു വിവാഹം, ഭര്‍ത്താവ് മാധവന്‍. ഇപ്പോള്‍ ഗവേഷണവിദ്യാര്‍ഥിയാണ് ദീപ.
ചെറുപ്പത്തില്‍ ആന്റി ജയലളിതയ്ക്ക് തന്നെ ജീവനായിരുന്നെന്ന് ദീപ പറയുന്നു. ഏറെ നേരം തങ്ങള്‍ സംസാരിച്ചിരിക്കുമായിരുന്നു. പ്രധാനമായും പുസ്തകങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. തങ്ങളുടെ അഭിരുചികള്‍ പലതും ഒരേപോലെയായിരുന്നു. തങ്ങളുടെ ഈ സൗഹൃദംകണ്ട് താന്‍ ജയലളിതയ്ക്കു ജനിക്കേണ്ട കുട്ടിയായിരുന്നെന്ന് തന്റെ അമ്മ പലപ്പോഴും പറയുമായിരുന്നു എന്നും ദീപ ഓര്‍ത്തെടുക്കുന്നു.
തങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നുല്ല. മറ്റേതോ ശക്തികളുടെ ഇടപെടല്‍കാരണം തങ്ങള്‍ അകറ്റപ്പെടുകയായിരുന്നു. നിരവധി കത്തുകള്‍ ആന്റിക്ക് അയച്ചിട്ടുണ്ടെങ്കിലും ഒന്നിനും മറുപടിയുണ്ടായില്ല. ഫോണ്‍ചെയ്യാനും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.1995 ല്‍ അച്ഛന്‍ മരിച്ചപ്പോള്‍ ആന്റി ടി നഗറിലെ വീട്ടില്‍ വന്നിരുന്നു.
ശശികലയുടെ സഹോദര പുത്രന്‍ സുധാകരനെ വളര്‍ത്തുപുത്രനായി ജയലളിത ദത്തെടുത്തപ്പോള്‍ അച്ഛന്‍ അത് എതിര്‍ത്തിരുന്നു. അതുമാത്രമാണ് ആന്റിയുമായി ഉണ്ടായിട്ടുള്ള ഏക അഭിപ്രായവൃത്യസം.
2007 ലായിരുന്നു അവസാനത്തെ കൂടിക്കാഴ്ച. പിന്നീട് ആന്റി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനുശേഷം ഇരുപത്തഞ്ചു തവണയെങ്കിലും കാണണമെന്ന അതിയായ ആഗ്രഹത്തോടെ അവിടെ എത്തി. എന്നാല്‍ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. ഉള്ളില്‍ പ്രവേശിക്കാന്‍ അനുമതി ഇല്ല എന്നായിരുന്നു പോലീസുകാരുടെ മറുപടി. ഏതായാലും പൊരുതാനുറച്ചുതന്നെയാണ് ദീപ എന്നാണ് അവരുടെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.