തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ മരക്കൂട്ടത്ത് വച്ച് അറസ്റ്റ് ചെയ്യാൻ വൈകിയതിന്റെ പേരിൽ പോലീസിൽ വിവാദം പുകയുന്നു. ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്പി സുദർശനെതിരേ നടപടി വേണമെന്ന് ഐജി വിജയ് സാക്കറെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഡിജിപിക്ക് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി എസ്പിയോട് വിശദീകരണം ചോദിച്ചേക്കും.
നവംബർ 16-ന് രാത്രി 10.30 ഓടെയാണ് ശബരിമല ദർശനത്തിന് പോകാനായി ശശികല മരക്കൂട്ടത്ത് എത്തിയത്. എന്നാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കാരണത്താൽ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന ശശികലയെ അറസ്റ്റ് ചെയ്ത് നീക്കാൻ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഐജി വിജയ് സാക്കറെ എസ്പിക്ക് നിർദ്ദേശം നൽകി.
എന്നാൽ എസ്പി അവരെ അറസ്റ്റ് ചെയ്യാൻ തയാറായില്ല. പന്പയുടെയോ നിലയ്ക്കലെയോ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ശശികലയെ അറസ്റ്റ് ചെയ്യേണ്ടതെന്നാണ് എസ്പി നിലപാടെടുത്തത്. തർക്കം തുടർന്നതോടെ പുലർച്ചെ രണ്ടുവരെ അറസ്റ്റ് നീണ്ടു. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
എസ്പി അറസ്റ്റിന് വിസമ്മതിച്ചപ്പോൾ ശക്തമായി മുന്നോട്ടുവന്ന് അറസ്റ്റിന് തയാറായ പത്ത് വനിതാ പോലീസുകാർക്ക് പാരിതോഷികം നൽകണമെന്നും ഐജിയുടെ റിപ്പോർട്ടിൽ ശിപാർശയുണ്ട്. എന്നാൽ എസ്പിയുടെ നിലപാട് ശരിയായിരുന്നുവെന്നും സ്റ്റേഷൻ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥനാണ് അറസ്റ്റ് ചെയ്യേണ്ടിയിരുന്നതെന്നും സേനയിൽ അഭിപ്രായമുണ്ട്.