ചെന്നൈ: അണികളിൽ ആവേശം വിതറി ശശികല ചെന്നൈയിൽ. ജയിൽവാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം തമിഴ്നാട്ടിൽ എത്തിയ ശശികല ഇന്നലെ അർധരാത്രിയോടെ ചെന്നൈയിൽ എം.ജി.ആറിന്റെ വസതിയിലെത്തി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അണികളുടെ ചിന്നമ്മ അവരെ അഭിസംബോധനയും ചെയ്തു. മറീന ബീച്ചിലെ ജയലളിത സമാധിയിൽ പരിപാടി നടത്താൻ അനുവാദം നൽകാത്തതിന് സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചായിരുന്നു ശശികലയുടെ പ്രസംഗം.
നൂറുകണക്കിനു വാഹനങ്ങളുടെ അകന്പടിയോടെയാണ് ശശികല തമിഴ്നാട്ടിലെത്തിയത്.
ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള ആദ്യ പ്രസ്താവനയിൽ അണികൾക്കും എതിരാളികൾക്കും ഒരേപോലെയുള്ള വ്യക്തമായ സന്ദേശമുണ്ടായിരുന്നു- ഞാൻ സജീവ രാഷ്ട്രീയത്തിലുണ്ടാവും.
വ്യക്തിതാത്പര്യങ്ങൾ മാറ്റിവച്ച് ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചു നിൽക്കണം. ജ്യോത്സ്യന്മാർ നിശ്ചയിച്ച ശുഭ മുഹൂർത്തത്തിൽ ഇന്നലെ രാവിലെ ഏഴരയ്ക്കാണ് ശശികല ബംഗളുരുവിലെ റിസോർട്ടിൽനിന്ന് യാത്ര തുടങ്ങിയത്.
ഇരുപതു മണിക്കൂറോളം എടുത്ത് ഒട്ടേറെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ചെന്നൈയിൽ യാത്ര അവസാനിപ്പിച്ചത്.
ജയലളിത ഉപയോഗിച്ചിരുന്ന ലാൻഡ് ക്രൂസർ കാറിലായിരുന്നു യാത്ര.
സർക്കാരിന്റെ സമ്മർദ്ദങ്ങളെ വെല്ലുവിളിച്ച് അണ്ണാഡിഎംകെ കൊടി മുന്നിൽ പാറിക്കളിച്ചു.