ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ കീഴടങ്ങിയ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്ക് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ലഭിച്ചത് സാധാരണ സെല്‍. വനികള്‍ക്കുള്ള ബ്ലോക്കിലെ സെല്ലിലാണ് ശശികലയ്ക്ക് നല്‍കിയത്. നേരത്തെ സെല്ലില്‍ ഉണ്ടായിരുന്ന രണ്ടു തടവുകാര്‍ക്കൊപ്പമാണ് ചിന്നമ്മയേയും പാര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് ശശികല കോടതിയിലെത്തി കീഴടങ്ങിയത്.
ജയിലില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് കീഴടങ്ങുന്‌പോള്‍ ശശികല കോടതിയോട് ആവശ്യപ്പെട്ടു. എ ക്ലാസ് സെല്‍ ജയിലില്‍ അനുവദിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രത്യേക ചികിത്സാ സൗകര്യം അനുവദിക്കണമെന്നും ധ്യാനിക്കാന്‍ സെല്ലില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശശികലയുടെ ആവശ്യങ്ങള്‍ കോടതി ജയില്‍ അധികൃതര്‍ക്ക് കൈമാറി.