ബംഗളൂരു: അനധികൃത സ്വത്ത് സന്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്ക് ജയിലിൽ ആഡംബര ജീവിതം നയിക്കാൻ സഹായിച്ചത് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഇടപെടലെന്ന് വെളിപ്പെടുത്തൽ.
പരപ്പന അഗ്രഹാര ജയിലിലെ മുൻ ജയിൽ മേധാവിയായ സത്യനാരായണ റാവുവാണ് അന്വേഷണ കമ്മിറ്റിക്ക് മുന്പിൽ വെളിപ്പെടുത്തൽ നടത്തിയത്. ശശികലയും ബന്ധു ഇളവരശിയും ജയിലിൽ നിന്ന് പുറത്തു പോകാറുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കർണാടക ഡിഐജി ഡി.രൂപ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്ത് വി്ട്ടിരുന്നു.
അപ്പോഴത്തെ ജയിൽ മേധാവിയായിരുന്നു സത്യനാരായണ റാവു. സത്യനാരായണ റാവുവിനെ സ്വാധീനിച്ചാണ് ശശികലയും ബന്ധുവായ ഇളവരശിയും രാജകീയ ജീവിതം നയിക്കുന്നതെന്നും ഇതിനായി സത്യനാരായണറാവു പണം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് റാവു കമ്മിറ്റിയിൽ മൊഴിനൽകിയോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ ജയിൽ ചട്ടങ്ങൾ പാലിച്ച് ശശികലയ്ക്ക് സഹായം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അവിടെ സുഖജീവിതം നയിക്കുകയാണെന്ന് ജയിൽ ഡിഐജിയായിരുന്ന രൂപ കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് രൂപയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ അഴിമതി വിരുദ്ധ സമിതിയോട് നിർദേശിക്കുകയായിരുന്നു.
രൂപ നൽകിയ വിഡീയോ ദൃശ്യങ്ങളിലൊന്നിൽ ജയിൽ വളപ്പിൽ നിന്ന് അകത്തേക്ക് വരുന്ന ശശികലയേയും ബന്ധു ഇളവരശിയേയും കാണാം. പുരുഷൻമാരായ ജയിൽ ജീവനക്കാരാണ് ഇവർക്ക് വേണ്ടി ജയിലിന്റെ കാവാടം തുറന്നു കൊടുക്കുന്നത്.
അകത്തേയ്ക്ക് കയറി പോവുന്ന ശശികലയുടേയും ഇളവരശിയുടേയും കൈകളിൽ എന്തോ കവറും ഉണ്ട്. തന്റെ ആരോപണത്തെ സാധൂകരിക്കുന്ന 74-ഓളം രേഖകൾ രൂപ അന്വേഷണസംഘത്തിന് കൈമാറി. സംഭവത്തെത്തുടർന്ന് ജയിൽ മേധാവിയായിരുന്ന റാവുവിനെതിരേ കേസ് എടുത്തിരുന്നു. പുതിയ വെളിപ്പെടുത്തൽ സിദ്ദരാമയ്യയ്ക്കെതിരേ തെരഞ്ഞെടുപ്പിൽ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.