ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്നു പുറത്താക്കിയപ്പോള്‍ ശശികല മാപ്പ് ചോദിച്ചുകൊണ്ട് എഴുതിയ കത്ത് പുറത്തായി. വിമതനീക്കം നടത്തുന്ന ഒ. പനീര്‍ശെല്‍വമാണ് കത്ത് പുറത്തുവിട്ടത്. പണ്ട് ജയലളിതയെ അട്ടിമറിക്കാന്‍ ശശികലയുടെ ബന്ധുക്കള്‍ ശ്രമം നടത്തിയിരുന്നു. അന്ന് ജയലളിത തോഴിയെയും കൂട്ടരെയും പോയസ് ഗാര്‍ഡനില്‍ നിന്ന് അടിച്ചുപുറത്താക്കിയിരുന്നു. തുടര്‍ന്ന് നിരന്തരമായ മാപ്പപേക്ഷയ്ക്കൊടുവിലാണ് ശശികലയെ ജയ തിരികെ പ്രവേശിപ്പിച്ചത്. പുറത്തുവന്ന കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരം-
എന്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും ഞാന്‍ അക്കയോടൊപ്പം (ജയലളിത) ഒരേ വീട്ടില്‍ താമസിക്കുന്നതു ഉപയോഗിച്ചു എന്റെ പേരു തെറ്റായ കാര്യങ്ങള്‍ക്കായി ഉപയോഗിച്ചു ശരിയല്ലാത്ത കാര്യങ്ങള്‍ ചെയ്തതും അതു പാര്‍ട്ടിയെ ബാധിച്ചതും അവരുടെ തെറ്റായ നടപടികള്‍ കാരണം പല കുഴപ്പങ്ങളും ഉണ്ടായതും മുന്നണിയുടെ സല്‍പ്പേരിനു കളങ്കം ഉണ്ടായെന്നതും അക്കയ്ക്കു എതിരായി ചില ചതികള്‍ പദ്ധതിയിട്ടതും അറിഞ്ഞപ്പോള്‍ എനിക്കു വലിയ അതിശയപ്പെട്ടു പോയി. വലിയ വേദന തോന്നി. അതെല്ലാം ഞാനറിയാതെ നടന്നതാണെന്നതാണു സത്യം.
കണ്ടുമുട്ടിയ ദിവസം തൊട്ട് ഇന്നു വരെ ഞാന്‍ അക്കാ നന്നായിരിക്കണം എന്നു മാത്രമേ ഓരോ നിമിഷവും ആലോചിക്കാറുള്ളൂ എന്നല്ലാതെ ഞാന്‍ അക്കയ്ക്കു ദ്രോഹം ചെയ്യാന്‍ വിചാരിച്ചിട്ടില്ല. എന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് അക്കയ്ക്കു എതിരായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ ചെയ്തതു ക്ഷമിക്കാന്‍ കഴിയാത്ത ദ്രോഹമാണ്. അക്കയ്ക്കു ദ്രോഹം ചെയ്തവര്‍ ആരായിരുന്നാലും എനിക്കവരെ വേണ്ട. അങ്ങനെ അക്കയ്ക്കു ദ്രോഹം ചെയ്തവരുമായുള്ള ബന്ധങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചു കഴിഞ്ഞു. അക്കയോടു ദ്രോഹം ചെയ്തവര്‍ ആരായിരുന്നാലും, ഇനിമേല്‍ അവരുമായി എനിക്കു യാതൊരു ബന്ധവും അടുപ്പവും ഇല്ല.
എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയത്തില്‍ ഇടപെടണമെന്നോ പാര്‍ട്ടിയില്‍ വലിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കണമെന്നോ രാഷ്ട്രീയബന്ധങ്ങള്‍ വേണമെന്നോ മന്ത്രിപദം വേണമെന്നോ ഭരണത്തില്‍ പങ്കെടുക്കണമെന്നോ ഒരു തരി പോലും ആഗ്രഹമില്ല. പൊതുജീവിതത്തില്‍ പങ്കു വേണമെന്ന ആഗ്രഹവും എനിക്കില്ല. അക്കയുടെ വിശ്വസ്തയായ അനിയത്തിയായി ഇരിക്കാനാണു എനിക്കിഷ്ടം. എന്റെ ജീവിതം എന്നോ തന്നെ അക്കയ്ക്കായി സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും എനിക്കെന്നു ജീവിക്കാതെ അക്കയ്ക്കു എന്നാല്‍ കഴിയുന്ന വിധം ജോലി ചെയ്തു അക്കയുടെ സഹായി ആയിരിക്കാനാണു എന്റെ ആഗ്രഹം.
ശശികല