കൊച്ചി: മഹാഭാരതം എന്ന പേരിൽ സിനിമയെടുത്താൽ ആ സിനിമ തിയറ്റർ കാണില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി മോഹൻലാൽ മുഖ്യകഥാപാത്രമായി അണിയറയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിനെതിരേയാണ് ശശികലയുടെ ഭീഷണി.
മഹാഭാരതം എന്ന പേരിൽ രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കിയാൽ അത് തിയറ്റർ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരിൽ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരിൽ തിയറ്ററിൽ പ്രദർശിപ്പിക്കുന്നത് അനുവദിക്കില്ല- ശശികല ഭീഷണി മുഴക്കി. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു.
ബി.ആർ.ഷെട്ടിയുടെ നിർമാണത്തിൽ 1000 കോടി ബജറ്റിലാണ് മഹാഭാരതം ഒരുങ്ങുന്നത്. നോവലിലെ മുഖ്യകഥാപാത്രമായ ഭീമസേനനായാണ് മോഹൻലാൽ വേഷമിടുന്നത്.