ജോസി ജോസഫ്
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാര്‍ട്ടി ജനറല്‍ ബോഡി യോഗത്തിന്റെ പ്രമേയം. ഏറെ അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെ, എന്താണ് സംഭവിക്കുക എന്നതു സംബന്ധിച്ച് ആര്‍ക്കും ഒരു ഊഹവുമില്ലായിരുന്നു. ഇന്നു രാവിലെ ചെന്നെയില്‍ നടന്ന എഐഡിഎംകെ അടിയന്തര ജനറല്‍ ബോഡി യോഗമാണ് അടുത്ത അധികാര കേന്ദ്രം ആരാണെന്നു സംബന്ധിച്ച പ്രമേയം പാസാക്കിയത്.
തെരഞ്ഞെടുപ്പ് വെറും പ്രഹസനമാക്കി ശശികല സ്ഥാനം പിടിച്ചെടുത്തേക്കും എന്ന ഒരു വാദം മുമ്പേ നിലനില്‍ ക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പന്നീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി ആയേക്കും എന്ന വാദവുമുണ്ടായിരുന്നു. താത്കാലികമായി ഒരു സെക്രട്ടറിയെ തെഞ്ഞെടുത്തേക്കുമെന്നും പന്നീര്‍ശെല്‍വവും ശശികലയും ജനറല്‍ സെക്രട്ടറിസ്ഥാനം ഒരുമിച്ച് വഹിക്കുമെന്നുമൊക്കെയുള്ള വാര്‍ത്തകളും തമിഴ് മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ നല്‍കിയിരുന്നു.
ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തണമെന്നു കാണിച്ച് കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് പാര്‍ട്ടി നേതാക്കള്‍ക്ക് പോയസ് ഗാര്‍ഡനില്‍ നിന്ന് കത്ത് ലഭിച്ചത്. എന്നാല്‍ യോഗം ചെന്നൈയില്‍ എവിടെ നടക്കുമെന്ന കൃത്യമായ വിവരം അതിലില്ലായിരുന്നു. അതുമാത്രമല്ല കത്തില്‍ ആരും ഒപ്പിട്ടിട്ടുമില്ല. ഇതിനിടെ ശശികലയോട് എതിര്‍പ്പില്ലാത്തവര്‍ക്ക് മാത്രമാണ് കത്ത് ലഭിച്ചിട്ടുള്ളത് എന്ന വാര്‍ത്തയും പരക്കുന്നിരുന്നു. താങ്കള്‍ക്ക് ലഭിച്ച കത്തുമായി വേണം യോഗത്തിന് എത്താന്‍ എന്നും കത്തില്‍ പറയുന്നു. അതുകൊണ്ട് സ്ഥാനം പിടിച്ചെടുക്കാനുള്ള ശശികലയുടെ നീക്കമാണ് ഇതെന്ന് ചില വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ശശികലയ്‌ക്കെതിരേ കോടതിയില്‍ കേസ് നിലവിലുള്ളതിനാലും അണികളില്‍ എതിര്‍പ്പുള്ളതിനാലും തത്കാലം സ്ഥാനത്തിനായി കടിപിടികൂടേണ്ട എന്നായിരുന്നു ശശികലയ്ക്കു ലഭിച്ചിരുന്ന ഉപദേശമത്രേ. സമയമാകുമ്പോള്‍ സ്ഥാനം ഏറ്റെടുക്കാം.
തത്കാലം മറ്റൊരാളെ തെരഞ്ഞെടുക്കട്ടെ എന്നാണ് മുതിര്‍ന്ന മന്ത്രിമാര്‍ അടക്കമുള്ള ശശികലയോട് അടുപ്പമുള്ളവര്‍ നല്‍കിയിരുന്ന ഉപദേശം. ഇങ്ങനെ വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വത്തിന് സാധ്യത തെളിയുമെന്ന് കരു തിയിരുന്നു. ശശികലയോട് അടുപ്പമുള്ള ആളെന്ന നിലയിലും മുഖ്യമന്ത്രിസ്ഥാനവും ജനറല്‍സെക്രട്ടറി സ്ഥാനവും ഒരുമിച്ച് ഒരാള്‍ വഹിക്കുക എന്ന പാര്‍ട്ടി കീഴ്‌വഴക്കം പാലിക്കുന്നതിനുമാകും പന്നീര്‍ശെല്‍വത്തെ പരിഗണിക്കുക എന്നുമാണ് കരുതിയിരുന്നത്.
ഇക്കാര്യം ശശികലയുടെ ബന്ധുക്കള്‍ക്ക് സ്വീകാര്യമല്ലാത്ത നിലയിലാണ് പന്നീര്‍ശെല്‍വവും ശശികലയും ജനറല്‍ സെക്രട്ടറിമാരാകട്ടെ എന്ന വാദം ഉയര്‍ന്നു വന്നിരുന്നത്. അങ്ങനെയാകുമ്പോള്‍ പല അപായ സാധ്യതകളും ഒഴിവാക്കാം എന്നുമായിരുന്നു ഇവരുടെ വിലയിരുത്തല്‍.
ഏതായാലും ശശികല തനിക്കെതിരേയുള്ള കേസുകളെ നേരിട്ടേ മതിയാകൂ. അഴിമതിക്കേസുകൂടാതെ പാര്‍ട്ടിയിലെ നേതാവായിരുന്ന ശശികലപുഷ്പ ചെന്നൈ ഹൈക്കോടതില്‍ നല്‍കിയിരിക്കുന്ന കേസ് ശശികല എങ്ങനെ നേരിടും എന്നതുസംബന്ധിച്ച് ഒരു ഊഹവുമില്ല. പാര്‍ട്ടി ഭരണഘടന ആര്‍ട്ടിക്കിള്‍ 305 പ്രകാരം അഞ്ചുവര്‍ഷത്തിലധികം പാര്‍ട്ടി അംഗമായിരുന്ന ആള്‍ക്ക് മാത്രമേ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധിക്കൂ. ശശികലയെ ജയലളിത 2011 ഡിസംബറില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയിരുന്നു. മാപ്പപേക്ഷയെ തുടര്‍ന്ന് അടുത്തവര്‍ഷം മാര്‍ച്ചില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്ക് അംഗത്വക്കാര്‍ഡ് വീണ്ടും നല്‍കപ്പെട്ടിട്ടില്ല എന്നാണ് ശശികലപുഷ്പയുടെ വാദം.
പാര്‍ട്ടി അണികളിലെ എതിര്‍പ്പ് വളരെ രൂക്ഷമാണിപ്പോള്‍. പലയിടങ്ങളിലും ശശികലയ്‌ക്കെതിരേയും ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കുവേണ്ടിയും ഫഌക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇതിനിടെ താന്‍ അപ്രത്യക്ഷയായി എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് ദീപ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശശികലയ്‌ക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച അവര്‍ എന്തൊക്കെ നീക്കങ്ങളാണ് നടത്തുന്നത് എന്നതു സംബന്ധിച്ചും അധികം വിവരങ്ങളില്ല.
ഇതിനിടെ പാര്‍ട്ടിയില്‍ തനിക്കെതിരേ നില്‍ക്കുന്ന അണികളുടെ പ്രമുഖ പ്രദേശിക നേതാക്കളെ വരുതിയിലാക്കാന്‍ എല്ലാ അടവുകളും ശശികല വിഭാഗം പയറ്റുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും അവസാനം ലഭിക്കുന്ന വിവരപ്രകാരം ഇത്തരം നേതാക്കളെ, കൂടുതല്‍ സ്ഥാനങ്ങള്‍ സൃഷ്ടിച്ചു നല്‍കി സമാധാനിപ്പിക്കാനാകും ശശികല ശ്രമിക്കുക. മറ്റൊരു പ്രധാന വാര്‍ത്ത, ജനറല്‍സെക്രട്ടറി ആയിക്കഴിഞ്ഞ നിലയ്ക്ക് ഉടന്‍ ശശികലയ്ക്ക് ഇഷ്ടമല്ലാത്ത പല മന്ത്രിമാരുടേയും തല ഉരുളുമെന്നാണ്. ഇവര്‍ക്ക് പകരം ഏറാന്‍മൂളികളെ അവിടെ പ്രതിഷ്ടിക്കാന്‍ ലിസ്റ്റുവരെ തയാറാക്കിയിട്ടുണ്ടത്രേ.