ചെന്നൈ: 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഇന്നലെ വിധിയെഴുതിയപ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലയ്ക്കു വോട്ട് രേഖപ്പെടുത്താനായില്ല.
വോട്ടർപട്ടികയിൽനിന്നു ശശികലയുടെ പേരു നീക്കിയതാണു കാരണം. വോട്ട് രേഖപ്പെടുത്താനാകാത്ത തിൽ ശശികലയ്ക്കു ദുഃഖമുണ്ടെന്ന് അഭിഭാഷകൻ രാജ സെന്തുർപാണ്ഡ്യൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ജനുവരി31 നു ശശികലയുടെ പേരു നീക്കം ചെയ്തതായാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ അനീതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രാജ പറഞ്ഞു.
ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയിലായിരുന്നു ശശികല താമസിച്ചിരുന്നത്. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് വസതി സർക്കാർ ഏറ്റെടുത്തു സ്മാരകമാക്കി.
2017 ഫെബ്രുവരിയിൽ അനധികൃത സ്വത്തുസന്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ട് ശശികലയെ കോടതി ശിക്ഷിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്പോഴാണ് പേരു നീക്കിയത്.
തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥിയായി ശശികലയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്കില്ലെന്നു ശശികല പ്രഖ്യാപിക്കുകയായിരുന്നു.