ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി.കെ.ശശികലയുടെയും കൂട്ടാളികളുടെയും വക 1,500 കോടിയുടെ അനധികൃത സന്പത്ത് കണ്ടെത്തി. അഞ്ചു ദിവസമായി 187 സ്ഥലങ്ങളിൽ നടന്നുവന്ന ആദായനികുതി വകുപ്പ് റെയ്ഡിലാണ് ഇത്. ഏഴു കോടി രൂപ കറൻസിയായി പിടിച്ചെടുത്തു. അഞ്ചു കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചു.
തമിഴ്നാട്ടിലും പുറത്തുമായി ഒരു ഡസനിലേറെ നഗരങ്ങളിൽ പരിശോധന നടന്നു. 1,500 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തിന്റെ വിവരം ലഭിച്ചതായി ഡൽഹിയിൽ സീനിയർ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
സ്വർണവും വജ്രവുമൊക്കെ ഉണ്ടായിരുന്ന ചില ബാങ്ക് ലോക്കറുകൾ മറ്റാരെങ്കിലും കൈകാര്യം ചെയ്യുന്നതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. സംസ്ഥാന ഭരണത്തിലെ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായി മൂന്നുദശകക്കാലം കഴിഞ്ഞ ശശികല ഇപ്പോൾ ബംഗളൂരു ജയിലിലാണ്. ശശികലയുടെ സഹോദരപുത്രൻ ടി.ടി.വി.ദിനകരന്റെ നേതൃത്വത്തിലാണ് ഒരുവിഭാഗം അണ്ണാ ഡിഎംകെ പ്രവർത്തിക്കുന്നത്. ശശികലയും കൂട്ടാളികളും ഉൾപ്പെട്ട മന്നാർഗുഡി മാഫിയയുടെ അന്ത്യംകുറിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ആദായനികുതി റെയ്ഡ് എന്നു കരുതുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണു റെയ്ഡ് തുടങ്ങിയത്. ഒരേസമയം നിരവധി സ്ഥലങ്ങളിൽ പരിശോധന നടന്നു. ജയ ടിവിയിലും ശശികലയുമായി ബന്ധപ്പെട്ട മിഡാസ് ഡിസ്റ്റിലറി അടക്കമുള്ള മറ്റു സ്ഥാപനങ്ങളിലും പരിശോധന ഇപ്പോഴും തുടരുകയാണ്.
നിരവധി കടലാസ്കന്പനികളെപ്പറ്റിയുള്ള രേഖകൾ കണ്ടെത്തി. ബേനാമി ഇടപാടുകളുടെയും ബേനാമിയായി സന്പാദിച്ച വസ്തുവകകളുടെയും രേഖകളും പിടികൂടി.
ജയ ടിവി മാനേജിംഗ് ഡയറക്ടർ വിവേക് ജയരാമനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്യലിനു വിളിച്ചിട്ടുണ്ട്. ശശികലയുടെ നാത്തൂൻ ഇളവരശിയുടെ പുത്രനാണ് വിവേക്.
ഉധകമണ്ഡലത്തിലെ പരിശോധനകളിൽ പല എസ്റ്റേറ്റുകളിൽനിന്നും രേഖകൾ പിടികൂടി. നീലഗിരിയിലെ 670 ഏക്കറുള്ള ഗ്രീൻ ടീ എസ്റ്റേറ്റ്, കോത്തഗിരിയിലെ കോടനാട് എസ്റ്റേറ്റ് എന്നിവയിൽ പരിശോധന തീർന്നിട്ടില്ല.
1,800 ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്.മന്നാർഗുഡിയിൽ ശശികലയുടെ സഹോദരൻ നടത്തുന്ന എസ്ടിഇടി വനിതാ കോളജിന്റെ ഓഫീസുകൾ ആദായനികുതി വകുപ്പ് മുദ്രവച്ചു.
ജയലളിതയുടെ പഴ്സണൽ സെക്രട്ടറിയായിരുന്ന എസ്.പുംഗുന്ദ്രൻ, സ്വകാര്യ ഡോക്ടർ ഡോ. കെ.എസ്.ശിവകുമാർ, കർണാടകയിലെ എഡിഎംകെ സെക്രട്ടറി പുകഴേന്തി എന്നിവരെ നുങ്കംപാക്കത്തെ ഐടി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു.