അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്കു കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന അപേക്ഷ സുപ്രീം കോടതി തള്ളി. ശശികല ഉടന്‍ കീഴടങ്ങണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ശശികലയ്ക്ക് സാവകാശമില്ല എന്നും വിധിയിലെ ഒരു വാക്ക് പോലും മാറ്റാനാകില്ലെന്നും ഉടന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ലേയെന്നും കോടതി ശശികലയുടെ അഭിഭാഷകനോട് ചോദിച്ചു. ഇതേ തുടര്‍ന്ന ബംഗലുരു കോടതിയില്‍ ശശികല ഇന്ന് തന്നെ ഹാജരാകുമെന്നാണ് സൂചനകള്‍.
കഴിഞ്ഞ ദിവസം വിധി പറഞ്ഞ ജസ്റ്റീസുമാരായ പി.സി. ഘോഷ്, അമിതാവ് റോയി എന്നിവരുടെ ബെഞ്ചാണ് അപേക്ഷ തള്ളിയത്. ഉത്തരവിലെ ഒരു വാക്കും മാറ്റാനാകില്ല. ഉടന്‍ കീഴടങ്ങണമെന്ന വാക്കിന്റെ അര്‍ഥം അറിയില്ലേയെന്നും കോടതി ചോദിച്ചു. ശശികലയുടെ അഭിഭാഷകന് കെ.ടി.എസ് തുളസിയാണ് അപേക്ഷയുമായി ഇന്നു സുപ്രീം കോടതിയില്‍ ഹാജരായത്. ഇതിനിടെ, ജയലളിത അണ്ണാ ഡിഎംകെയില്‍നിന്നും പുറത്താക്കിയ അംഗങ്ങളെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല തിരിച്ചെടുത്തു. ടി.പി.വി. ദിനകരന്, ഡോ. വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ദിനകരനെ നിയമിച്ചതായും ശശികല അറിയിച്ചു. മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയാണ് ദിനകരന്.
അതേസമയം, ശശികല കീഴടങ്ങാന്‍ എത്തുന്ന കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കി. ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസ്, സിറ്റി ആംഡ് റിസര്‍വ് എന്നിവയ്ക്കുപുറമേ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജയിലിനു സമീപത്തെ സുരക്ഷ വിലയിരുത്തുന്നുണ്ട്. ശശികലയെ പിന്തുണയ്ക്കുന്ന അനുയായികളെ നിയന്ത്രിക്കാന്‍ തമിഴ്നാട്ടില്‍നിന്നു ബംഗളൂരുവിലേക്കു പ്രവേശിക്കുന്ന ഹൊസൂര്‍ ചെക് പോസ്റ്റിലും ഒട്ടേറെ പോലീസുകാരെ വിന്യസിച്ചു. ശശികലയ്ക്കൊപ്പം നിരവധി അനുയായികളും കര്‍ണാടകയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.