തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശശികല വർഗീയത പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന വനിതയാണ്. ദേവസ്വം ജീവനക്കാരിൽ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവർ പ്രസംഗിക്കുന്നു. അവർക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണ് ശശികല ഒരു പൊതുവേദിയിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ നടപടിക്ക് ഒരുങ്ങുന്നത്. ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം.
ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ എന്നായിരുന്നു ശശികലയുടെ പ്രസംഗം.
അതേസമയം അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണെന്നിരിക്കെയാണ് ശശികലയുടെ പ്രസംഗം.
ശബരിമലയിൽ നിരോധനാജ്ഞ തുടരുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. ഭക്തജനങ്ങള്‍ക്കെതിരെയല്ല ശബരിമലയെ കലാപകേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്ന വത്സന് തില്ലങ്കേരി അടക്കമുള്ള സാമൂഹിക വിരുദ്ധരെ ലക്ഷ്യമിട്ടാണ് സർക്കാര്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംഘടനയുടെയും നേതൃത്വത്തിലല്ല ശബരിമലയിൽ അന്നദാനം നടത്തുന്നത്. അന്നദാനത്തിന് സഹായം നൽകുന്നവരുടെ രാഷ്ട്രീയം നോക്കാറില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന് സർക്കാരിന് ഒരു വാശിയും ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പതിനായിരക്കണക്കിന് സ്ത്രീകൾ മല കയറിയേനെ .അത് ആർക്കും തടയാനും ആകില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.