ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ഐഎഎഡിഎംകെ നേതാവ് വി.കെ. ശശികല കന്നഡ പഠിക്കുന്ന തിരക്കിൽ. ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സർക്കാരിന്റെ സാക്ഷരതാ പദ്ധതിക്കു കീഴിൽ നടക്കുന്ന കന്നഡ ക്ലാസുകളിൽ ശശികല പങ്കെടുക്കുന്നുണ്ട്. കന്നഡ എഴുതാനും വായിക്കാനും പഠിക്കുന്നതിനൊപ്പം കംപ്യൂട്ടർ പഠനവും നടത്തുന്നുണ്ടെന്നാണ് വിവരം. ശശികലയുടെ കൂട്ടുപ്രതിയായ ജെ. ഇളവരശിയും ക്ലാസിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്.
അതേസമയം, ക്ലാസിന്റെ ഭാഗമായി നടന്ന വാച്യപരീക്ഷയോട് ശശികല നിസഹകരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ചോദ്യങ്ങൾ ചോദിച്ചപ്പോൾ സംസാരിക്കാൻ തയാറായില്ലെന്നും എന്നാൽ എഴുത്തുപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും ജയിൽ വൃത്തങ്ങൾ അറിയിച്ചു. ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നല്കുന്നുണ്ട്.
ജയിലിൽ കൂടുതൽ സമയം വായനയിൽ മുഴുകിയിരിക്കുകയാണ് ശശികല. എന്നാൽ ജയിലിലെ ലൈബ്രറി പുരുഷ തടവുകാർ കഴിയുന്ന ഭാഗത്താണ്. ശശികലയുടെ താത്പര്യപ്രകാരം വനിതാ തടവുകാർക്കു വേണ്ടി മറ്റൊരു ലൈബ്രറി ആരംഭിച്ചതായും ജയിൽ അധികൃതർ അറിയിച്ചു.