ചെന്നൈ: ശശികലയ്ക്ക് പിന്തുണയുമായി അണ്ണാ ഡിഎംകെ ഒപിഎസ് പക്ഷത്തെ കൂടുതൽ നേതാക്കൾ രംഗത്ത്. ശശികല തിരികെവരണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകൾ വിവിധയിടങ്ങളിൽ ഉയർന്നു. ശശികലയുമായുള്ള അനുനയ ചർച്ചകൾക്കിടെ എതിർപ്പുമായി പളനിസാമി വിഭാഗവും രംഗത്തെത്തി.
ഒട്ടേറെ നേതാക്കൾ ബംഗളുരുവിലെ റിസോർട്ടിൽ എത്തി ശശികലയുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചിരുന്നു. എന്നാൽ നേതാക്കളെ കാണാൻ ശശികല തയാറായിട്ടില്ല. ബിജെപി സമ്മർദ്ദങ്ങൾക്കൊടുവിൽ ഇന്നലെ മുതൽതന്നെ അനുനയചർച്ചകൾക്ക് അണ്ണാ ഡിഎംകെ ശ്രമിച്ചിരുന്നു.
ഇപ്പോൾ ഇത്തരം ചർച്ചകളിൽ കാര്യമില്ല എന്നാണ് ശശികല ക്യാന്പ് സൂചന നൽകുന്നത്. ചെന്നൈയിൽ എത്തിയശേഷം ശശികല പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗം വിളിക്കുമെന്നാണ് അറിയുന്നത്. യഥാർഥ അണ്ണാ ഡിഎംകെ തങ്ങളാണെന്നാണ് ശശികല ക്യാന്പ് അവകാശപ്പെടുന്നത്.
ഒ. പനീർസെൽവത്തിന്റെ തട്ടകമായ തേനിയിൽ അടക്കം ശശികല തിരികെയെത്തണമെന്ന ആവശ്യവുമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ ശശികലയ്ക്കായി രംഗത്തുവരുന്നു. അതേസമയം അനുനയ ചർച്ചകളിൽ താത്പര്യമില്ലെന്ന നിലപാടാണ് എടപ്പാടി പളനിസാമി പക്ഷം സ്വീകരിച്ചത്.
ശശികല പാർട്ടിയിലേക്ക് വരുന്നത് ഗുണംചെയ്യില്ലെന്ന അഭിപ്രായമാണ് അവരുടേത്. പാർട്ടിയിൽ ഭിന്നത ഉയരുമെന്ന് ഉറപ്പായതോടെയാണ് ബിജെപി സമ്മർദ്ദങ്ങൾക്കു വഴങ്ങി അനുനയ ശ്രമങ്ങൾ തുടങ്ങിയത്.