
കോഴിക്കോട്: പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. കരൾ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ശശിയുടെ യഥാർഥ പേര് വി. ചന്ദ്രകുമാർ എന്നാണ്.
മലയാള നാടകവേദിയിൽ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം.
സ്വന്തമായുള്ള ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശശി കലിംഗ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരന്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.
ഓട്ടോമൊബൈൽ എൻജിനിയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി, അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് നാടക രംഗത്ത് എത്തുന്നത്. വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടക ട്രൂപ്പിന്റെ രണ്ടാമതു നാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻ റുപ്പി എന്നിവയാണ് പ്രധാന സിനിമകൾ. 2019ൽ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ പ്രഭാവതി.
കലിംഗ ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം : ചലച്ചിത്രതാരം കലിംഗ ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാൽനൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം പിൽക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.