കോട്ടയം: ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലും നീതി ലഭിക്കാതെ ലായി യാത്രയായി. നടപടിക്രമങ്ങൾ കടലാസു താളുകളിൽ മാത്രം ഒതുങ്ങിപ്പോയതോടെ പെൻഷനും സേവനകാലത്തെ ശന്പളവും നേടിയെടുക്കാനുള്ള ഒറ്റയാൾ പോരാട്ടത്തിൽ പരാജിതനായാണ് റിട്ടയേർഡ് പോലീസുകാരൻ സ്വയം മരണം വരിച്ചത്.
ഇന്നലെ നഗരമധ്യത്തിൽ പരസ്യമായി ശരീരത്തു പെട്രോൾ ഒഴിച്ച് ജീവനൊടുക്കിയ റിട്ടയേർഡ് എഎസ്ഐയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടുവളപ്പിൽ നടക്കും.സർവീസിൽനിന്നും വിരമിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും പെൻഷൻ അടക്കമുള്ള ആനൂകൂല്യങ്ങൾ ലഭിക്കാതെ വന്നതോടെയാണ് കോട്ടയം തിരുനക്കര മൈതാനി സ്റ്റേജിൽ ഇന്നലെ മൂന്നരയോടെ കൊല്ലാട് നെടുംപറന്പിൽ ശശികുമാർ (ലായി-60) ജീവനൊടുക്കിയത്.
ശരീരമാസകലം കത്തിക്കരിഞ്ഞു പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ ഒന്നരയോടെ മരിച്ചു.2012 മുതൽ പോലീസ് സേനയിൽ സർവീസ് ബ്രേക്ക് നേരിട്ട ഇദ്ദേഹം 2016 ലാണ് സർവീസിൽനിന്നും സ്വയം വിരമിച്ചത്.
ഇതിനുശേഷം സ്വയം വിരമിക്കലിന്റെ അടക്കമുള്ള ആനൂകൂല്യങ്ങളൊന്നും തന്നെ അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും വിവിധ വകുപ്പ് മേധാവികൾക്കും പരാതി നൽകിയിരുന്നു. പരാതികളിൽ ഒന്നിലും കൃത്യമായ നടപടിയുണ്ടായിരുന്നില്ല.
കഴിഞ്ഞദിവസം നടന്ന മന്ത്രിമാരുടെ വകുപ്പ് തല അദാലത്തിലും പരാതി നൽകിയെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല.ഇന്നലെ രാവിലെ ഇദ്ദേഹം വീട്ടിൽനിന്നും ഇറങ്ങിയശേഷം കേസിന്റെ ആവശ്യത്തിനായി തിരുവാർപ്പിനു പോകുകയായിരുന്നു.
ഇവിടെ പോയ കാര്യം നടന്നില്ലെന്ന് അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. നിരാശനായ ഇദ്ദേഹം തിരുനക്കര മൈതാനത്തെ സ്റ്റേജിൽ എത്തി തീകൊളുത്തുകയായിരുന്നു.തിരുനക്കര മൈതാനിയിൽ കാർ പാർക്കിംഗിന്റെ ചുമതലയുള്ള നഗരസഭാ ജീവനക്കാരനാണ് ആദ്യം സംഭവം കണ്ടത്.
ഇദ്ദേഹവും സഹായിയും ചേർന്ന് സ്റ്റേജിനു സമീപത്തുള്ള വാട്ടർടാങ്കിൽനിന്നു വെള്ളമെടുത്ത് ദേഹത്ത് ആളിപ്പടർന്ന തീ കെടുത്താൻ ശ്രമിച്ചു. തുടർന്നു അഗ്നിരക്ഷാ സേനയിലും പോലീസിലും വിവരമറിയിച്ചു. ഫയർ ഫോഴ്സെത്തിയാണ് ശശികുമാറിനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചത്.
വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എൺപത് ശതമാനത്തിലധികം പൊള്ളലേറ്റ് അബോധാവസ്ഥയിലായതിനാൽ പോലീസിനു മൊഴിയെടുക്കാനായില്ല.സർവീസിൽ ഇരിക്കെത്തന്നെ പന്തൽ ഇടുന്ന കരാർ ജോലികൾ ഇദ്ദേഹം ഏറ്റെടുത്ത് നടത്തിയിരുന്നു.
ഇത് അടക്കമുള്ള ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ടെന്നു പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.സർവീസിലിരിക്കെ സ്പെഷൽ ബ്രാഞ്ച്, ചിങ്ങവനം, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിൽ ജോലി ചെയ്തിട്ടുണ്ട്. രാമപുരം സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന സമയത്താണ് സ്വയം വിരമിക്കലിനു അപേക്ഷ നൽകുന്നത്. ഭാര്യ: ഷീല, മക്കൾ: ഐശ്വര്യലായി, അമൃതലായി.