കൊല്ലാട്: എനിക്കിനി ജീവിക്കണ്ട, എനിക്കു പൈസ കിട്ടിയില്ല- ശരീരമാസകലം തീയാളുന്പോഴും ശശികുമാർ വിളിച്ചു പറഞ്ഞത് ഇതാണ്. തിരുനക്കര മൈതാനി സ്റ്റേജിൽ തീയാളുന്ന കണ്ട് ഓടിയെത്തിയ പാർക്കിംഗ് ചുമതലയുള്ള ജീവനക്കാരൻ ദേഹമാസകലം തീയാളി കിടന്നുരുളുന്ന ശശികുമാറിനെയാണ് കണ്ടത്.
അദ്ദേഹത്തിന്റെ മരണമൊഴി ഇപ്പോഴും ആ ജീവനക്കാരന്റെ ഉള്ളിലൊരു തേങ്ങലായി അലയടിക്കുന്നു. ജീവനക്കാരനായ ടി.എ. ഉമ്മറാണ് ആദ്യം ശശികുമാറിനെ കാണുന്നത്. ഉടൻ തന്നെ സ്റ്റേജിനു സമീപത്തെ ടാങ്കിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചു തീ കെടുത്തി.
തുടർന്ന് ഫയർഫോഴ്സിലും വെസ്റ്റ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.കടുത്ത സാന്പത്തിക ബാധ്യതയാണ് കൊല്ലാട് നെടുന്പുറത്തു ശശികുമാറിനെ ആത്മഹത്യയിലേക്ക് എത്തിച്ചത്. പന്തൽ ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ട്.
ഇതിനെ പിന്നാലെ സർവീസിലിരുന്നതിന്റെ നടപടിക്രമങ്ങളും ഇഴഞ്ഞതോടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വന്നു. ഇതാണ് നിരാശയിലേക്കു കൂപ്പുകുത്തി ദാരുണ സംഭവത്തിലേക്കെത്തിച്ചത്.
സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും രണ്ടു പെണ്മക്കളേയും നന്നായി പഠിപ്പിക്കുന്നതിനു ശശികുമാർ ശ്രദ്ധിച്ചിരുന്നു.
മൂത്ത മകൾ ഐശ്വര്യ ബിരുദാനന്തര ബിരുദം കഴിഞ്ഞ് സിവിൽ സർവീസിനുള്ള പരിശീലനത്തിലാണ്. ഇളയ മകൾ അമൃത ഇപ്പോൾ ബിരുദാനന്തര ബിരുദം ചെയ്യുന്നു.