പത്തനംതിട്ട: 2021ലെ ക്ലാസിക് മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി മലയാളിയായ ശശിലേഖ നായർ തെരഞ്ഞെടുക്കപ്പെട്ടു.
ഇനി ഇന്ത്യയെ പ്രതിനിധീകരിച്ച് അടുത്ത മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത് പത്തനംതിട്ട നാരങ്ങാനം സ്വദേശിയായ ശശിലേഖ നായരാകും. ഫിലിപ്പീൻസിലെ മനിലയിലാകും മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് മത്സരം.
കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യ മത്സരം നടന്നത്.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ശശിലേഖ നായർ ഇതിനോടകം മിസിസ് ഇന്ത്യ കേരള, മിസിസ് ഏഷ്യ ഇന്റർനാഷണൽ മോസ്റ്റ് ചാമിംഗ് 2018 പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാഭ്യാസം നാട്ടിലായിരുന്നു.
ഭരതനാട്യം നർത്തകിയും സംരംഭകയുമായ ശശിലേഖ തിരുവനന്തപുരം ടെക്നോപാർക്കിലെ എക്യുമാട്രിക്സ് ഇൻഫോവേയ്സ് സൊല്യൂഷൻ മാനേജിംഗ് ഡയറക്ടറാണ്.
മൈക്രോബയോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. ഹ്യുമാനിറ്റീസിൽ ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഐബിഎം പ്രോജക്ട് എക്സിക്യൂട്ടീവ് ഓമല്ലൂർ സ്വദേശി രാജീവ്കുമാർ പിള്ളയാണ് ഭർത്താവ്. പ്ലസ്ടു വിദ്യാർഥിനി സ്വാതിയും ഏഴാംക്ലാസ് വിദ്യാർഥിനി ജാഹ്നവിയുമാണ് മക്കൾ.
നാരങ്ങാനം കാട്ടൂർ വിജയസദനിൽ റിട്ട. സുബേദാർ മേജർ ശശിധരൻ നായരുടെയും റിട്ട. അധ്യാപിക കെ.വി. വിജയമ്മയുടെയും മകളാണ്.