പത്തനംതിട്ട: പത്തനംതിട്ടക്കാരി ശശിലേഖ നായര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന മിസിസ് ഗ്രാന്‍ഡ് യൂണിവേഴ്സില് പങ്കെടുക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലാകും മത്സരം.
ഇത്തവണത്തെ മിസിസ് ക്ലാസിക് ഗ്രാന്‍ഡ് യൂണിവേഴ്സ് ഇന്ത്യയായി ശശിലേഖ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വെര്‍ച്ച്വല്‍ പ്ലാറ്റ്ഫോമിലായിരുന്നു ഈ മത്സരവും. പത്തനംതിട്ട നാരങ്ങാനം സ്വദേശിയായ ശശിലേഖ ബംഗളൂരുവിലാണ് സ്ഥിരതാമസം. ഐടി സംരംഭക കൂടിയായ ശശിലേഖ ബിരുദതലംവരെയുള്ള വിദ്യാഭ്യാസം നാട്ടിലാണ് പൂര്‍ത്തീകരിച്ചത്.
മൂന്നു വർഷം,നിരവധി നേട്ടങ്ങൾ
വിവാഹശേഷമാണ് ബംഗളൂരുവില്‍ താമസമാക്കിയത്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്സ് ഇന്‍ഫോവേയ്സ് സൊല്യൂഷന് മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ്.
മൈക്രോ ബയോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി ഹ്യുമാനിറ്റീസില്‍ ബംഗളൂരു മദര്‍ തെരേസ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റും സ്വന്തമാക്കി.വിവാഹിതയായശേഷമാണ് ശശിലേഖ സൗന്ദര്യ മത്സരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി തുടങ്ങിയത്.
ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഇതിനായി ലഭിച്ചു.2018ലാണ് ആദ്യ അംഗീകാരം ലഭിക്കുന്നത്.മിസിസ് ഇന്ത്യ കേരള മത്സരത്തില്‍ നേടിയ ഒന്നാംസ്ഥാനത്തോടെയായിരുന്നു തുടക്കം. പിന്നീട് മിസിസ് ഏഷ്യ ഇന്‍ര്‍നാഷണല്‍ മോസ്റ്റ് ചാമിംഗ് 2018 തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സ്വന്തമാക്കി.
പ്രളയകാലത്ത് നാടിന് കൈത്താങ്ങ്
നാടുമായുള്ള ബന്ധം ഇപ്പോഴും തുടരുന്ന ശശിലേഖ ഏതു പുരസ്കാരം നേടിയാലും സന്തോഷം പങ്കുവയ്ക്കാന്‍ ഓടിയെത്താറുണ്ട്. കോവിഡും ലോക്ഡൗണും കാരണം ഇത്തവണ അതിനു കഴിയാത്ത അവസ്ഥയിലുമാണ്. എന്നിരുന്നാലും എത്രയുംവേഗം നാട്ടിലെത്താനാകുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.
നാരങ്ങാനം ഗവണ്മെന്റ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും അവിടെയുള്ള അധ്യാപകരെയും നിറഞ്ഞ മനസോടെ ഇന്നും ഓര്‍ക്കുന്നതായി ശശിലേഖ പറഞ്ഞു. ഭരതനാട്യം നര്‍ത്തകി കൂടിയാണ്. നൃത്തരംഗത്തേക്ക് ചുവടുവച്ചു തുടങ്ങിയതു തന്നെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലാണ്.
2018ലെ പുരസ്കാരം ലഭിച്ചതിനു പിന്നാലെ നാട്ടിലെത്തിയപ്പോഴായിരുന്നു മഹാപ്രളയത്തിന്റെ കെടുതികള്‍ കണ്ടത്. തുടര്‍ന്ന് വിവിധ സാമൂഹിക സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ പങ്കുവച്ചു.
ഓർമ്മകളിലെന്നും നാട്
ആറന്മുള വള്ളംകളിയും ഉത്രാടംനാള്‍ സന്ധ്യയിലെ തിരുവോണത്തോണി പുറപ്പാടും വള്ളസദ്യയുമെല്ലാം ഇന്നും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്തവയാണെന്ന് ശശിലേഖ പറഞ്ഞു. 2019ലും വള്ളസദ്യയില്‍ പങ്കെടുത്തിരുന്നു.
നാരങ്ങാനം കാട്ടൂര്‍ വിജയസദനത്തില്‍ റിട്ടയേഡ് സുബേദാര്‍ മേജര്‍ ശശിധരന്‍നായരുടെയും റിട്ടയേഡ് അധ്യാപിക കെ.വി. വിജയമ്മയുടെയും മകളാണ്. ഭര്‍ത്താവ് ഓമല്ലൂര്‍ സ്വദേശി രാജീവ് കുമാര്‍ പിള്ള ബംഗളൂരുവില്‍ ഐബിഎം ഡെലിവറി പ്രോജക്ട് മാനേജരാണ്. പ്ലസ്ടു വിദ്യാര്‍ഥിനി സ്വാതിയും ഏഴാംക്ലാസ് വിദ്യാര്‍ഥിനി ജഹ്്നവിയുമാണ് മക്കള്‍.