ന്യൂഡൽഹി: താലിബാൻ ഭീകരർക്കിടയിൽ മലയാളികളുണ്ടെന്നുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് ചർച്ചയായി.
താലിബാൻ കാബൂൾ കീഴടക്കിയപ്പോൾ ആനന്ദാശ്രു പൊഴിക്കുന്ന ഭീകരന്റെ ചെറിയ വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്താണ് തരൂർ മലയാളി സാന്നിധ്യമുണ്ടെന്നു പറഞ്ഞത്.
വീഡിയോയുടെ എട്ടാം സെക്കൻഡിൽ സംസാരിക്ക് എന്ന് മലയാളത്തിൽ രണ്ടു പേർ പറയുന്നതു കേൾക്കാമെന്നു തരൂർ ട്വീറ്റ് ചെയ്തു.
തരൂരിന്റെ ട്വീറ്റിനെ പിന്തുണച്ചും വിമർശിച്ചും മലയാളികൾ അടക്കമുള്ളവർ രംഗത്തെത്തി. മലയാളികളെ ഭീകരരാക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായി തരൂർ മാറിയെന്നുപോലും പലരും വിമർശിച്ചു.
അഫ്ഗാനിസ്ഥാനിലെ സാബുൾ പ്രവിശ്യയിൽ സംസാരിക്കുന്ന ബ്രാഹ്വി ഭാഷയാണു ഭീകരർ സംസാരിക്കുന്നതെന്ന് ചിലർ ട്വീറ്റ് ചെയ്തു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ദ്രാവിഡ ഭാഷകളോട് സാമ്യമുള്ളതാണു ബ്രാഹ്വി.
ഇത് മികച്ച വിശദീകരണമാണ്. ഭാഷാ പണ്ഡിതരാണ് ഇതിനു മറുപടി പറയേണ്ടത്. മലയാളികൾ താലിബാനിൽ ചേർന്നിട്ടുണ്ട്. അതിനാൽ ആ സാധ്യതയും തള്ളിക്കളയാനാകില്ല- തരൂർ ട്വീറ്റ് ചെയ്തു.