തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി തലയിൽ വീണിട്ടും ഒപ്ടിക് ഞരമ്പുകള്‍ക്കും തലച്ചോറിനും അപകടമുണ്ടാകാത്തത് വിഷു ദിനത്തിലെ യഥാര്‍ത്ഥ അത്ഭുതമെന്നും ഗാന്ധാരിയമ്മൻ ദേവിക്ക് നന്ദി പറയുന്നുവെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ട്വിറ്ററിലാണ് ശശി തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്നലെയാണ് ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. അതേസമയം ശശി തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. തലവേദനയുള്ളതിനാലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് പതിവായി കഴിക്കുന്നതിനാലും അദ്ദേഹം ന്യൂറോ സർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. തലയിലെ മുറിവിൽ ആറ് തയ്യൽ ഉണ്ട്.
എന്നാൽ ആരോഗ്യനില തൃപതികരമാണ്. ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തിയ ശേഷം ചികിത്സ തുടരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായാൽ വൈകുന്നേരം മുതൽ ശശി തരൂർ പ്രചാരണത്തിനിറങ്ങിയേക്കും