തിരുവനന്തപുരം: ശശി തരൂർ എംപിയ്ക്ക് എതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ.
ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തരൂരിന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാൻ ശ്രമിക്കുന്നുവെന്നാണ് വിമർശനം.
ശശി തരൂരിന്റെ സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാർട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് ഒരു പോസ്റ്റർ.
തരൂരേ നിങ്ങൾ പിസി ചാക്കോയുടെ പിൻഗാമിയാണോയെന്നും വട്ടിയൂർക്കാവിൽ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങിക്കൊടുത്ത് പാർട്ടിയെ മൂന്നാം സ്ഥാനത്താക്കിയതിന്റെ ഉത്തരവാദിത്തം തരൂർ ഏറ്റെടുത്തോയെന്നുള്ള ചോദ്യമുന്നയിച്ചാണ് മറ്റൊരു പോസ്റ്റർ.
‘രാഷ്ട്രീയ പ്രവർത്തനത്തിൽ ഇടപെടാതെ, മണ്ഡലത്തിൽ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാർട്ടിയോടാണോ ഈ ചതി ചെയ്യുന്നതെന്നുള്ള രീതിയിലും പോസ്റ്റർ പതിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരത്തെ പാനലിൽ ശശി തരൂരിന്റെ നോമിനി ജി.എസ്.ബാബു, കെ.എസ്. ശബരീനാഥൻ, ആർ.വി. രാജേഷ്, പാലോട് രവി എന്നീപേരുകളാണുള്ളത്.
കൊല്ലത്ത് രാജേന്ദ്രപ്രസാദ്, എം.എം. നസീർ, കോട്ടയത്ത് നാട്ടകം സുരേഷ്, ജോമോൻ ഐക്കര, യൂജിൻ തോമസ്, മലപ്പുറത്ത് വി.എസ്. ജോയി, ആര്യാടൻ ഷൗക്കത്ത് എന്നിവരാണുള്ളത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരുടെ പട്ടികയിൽ തിരുവനന്തപുരത്ത് ഇന്ന് അവസാനവട്ട കൂടിയാലോചന നടക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ഒറ്റപ്പേരിലേക്ക് പട്ടിക ചുരുക്കാനാണ് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കൂടിയാലോചന നടത്തുന്നത്.