സ്വന്തം ലേഖകന്‍
കോഴിക്കോട്: ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിക്കെതിരേ കടുത്ത അമര്‍ഷവുമായി മുസ്ലിം ലീഗ്. മുസ്ലിംലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ മനുഷ്യാവകാശ റാലിയിലാണ് കോൺഗ്രസ് നേതാവ് ഹമാസിനെ ഭീകരരായി വിശേഷിപ്പിച്ചത്.
ലീഗ് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ ലീഗ് ക്ഷണിച്ചത്. ഇത് തങ്ങള്‍ക്കുതന്നെ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഒരുവിഭാഗം ലീഗ് നേതാക്കള്‍ക്കുള്ളത്. കോണ്‍ഗ്രസിലെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിലും മറ്റും തരൂരിനെ പൂര്‍ണമായി പിന്തുണച്ച ലീഗിന് അപ്രതീക്ഷിത തിരിച്ചടിയായി തരൂരിന്റെ പരാമര്‍ശം മാറുകയും ചെയ്തു.
പലസ്തീന്റെ പേരിൽ നടത്തിയ റാലി ഇസ്രയേലിനുവേണ്ടിയായി മാറിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്ന് തരൂർ പറഞ്ഞത് യുഡിഎഫിലും പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഒഴിവാക്കിയാണ് വിശ്വപൗരന് ഇമേജുള്ള തരൂരിനെ പരിപാടിയിലേക്ക് ലീഗ് ക്ഷണിച്ചത്.
തരൂർ പങ്കെടുക്കുന്നത് ദേശീയ ശ്രദ്ധനേടുമെന്ന കണക്കുകൂട്ടിലിലാണ് അദ്ദേഹത്തെ വിളിച്ചതെന്ന് ലീഗ് നേതാക്കൾ പറയുന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ മുൻനിരയിൽ തരൂർ എത്തണമെന്ന അഭിപ്രായം നേരത്തേതന്നെ മുസ്ലിംലീഗ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളെ ഒഴിവാക്കി തരൂരിനെ വിളിച്ചതിൽ കോൺഗ്രസിലും മുറുമുറുപ്പുണ്ട്. ലീഗ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ കോഴിക്കോട്ടെത്തിയ തരൂർ, മുന്‍പ് തനിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ച ഡിസിസി ഓഫീസില്‍ ഉള്‍പ്പെടെ എത്തി നേതാക്കളും പ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു.
മുന്‍പ് പാര്‍ട്ടിക്ക് അനഭിമതനായിരുന്നപ്പോള് യൂത്ത് കോണ്‍ഗ്രസ് ജില്ലയില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നുള്‍പ്പെടെ ശശിതരൂരിനെ മാറ്റിനിർത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇപ്പോൾ പാര്‍ട്ടിയിലെ അനിഷേധ്യനേതാവാണ് തരൂർ. ബഹിഷ്കരിച്ചവര്‍ തന്നെ ഇന്നലെ അദ്ദേഹത്തിന് സ്വീകരണമൊരുക്കുകയും ചെയ്തു.