കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ബന്ധുക്കൾ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ച ബിജെപി നേതൃത്വം വെട്ടിലായി. തരൂരിന്റെ മാതൃസഹോദരിയടക്കം 14 പേർ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇവർക്ക് അംഗത്വം നൽകാൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ എറണാകുളം ബിടിഎച്ചിൽ യോഗവും സംഘടിപ്പിച്ചു.
പുതുതായി പാർട്ടിയിൽ ചേർന്നവരെന്നു പറഞ്ഞു ശ്രീധരൻ പിള്ള എല്ലാവരെയും ഷാൾ അണിയിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്തു.
പിന്നീടാണു ട്വിസ്റ്റ്. ചടങ്ങിനുശേഷം മാധ്യമങ്ങളെ കണ്ട തരൂരിന്റെ ബന്ധുക്കൾ, തങ്ങൾ നേരത്തെ മുതൽ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണു സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു.
ചടങ്ങ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം സംഘാടകരോടുതന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മാതൃസഹോദരിയും ഒറ്റപ്പാലം സ്വദേശിനിയുമായ ശോഭനയുടെ പ്രതികരണം. ഇതോടെ നേതാക്കൾ ഇടപെട്ട് ഇവരെ മാധ്യമങ്ങളോടു സംസാരിക്കുന്നതിൽനിന്നു തടഞ്ഞു.
ശോഭനയെയും ഭർത്താവിനെയും പാർട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു ചടങ്ങിന് എത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ടോം വടക്കനു പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കളെയും ബിജെപി ക്യാന്പിലെത്തിച്ചു കോണ്‍ഗ്രസിനെ ഞെട്ടിക്കാമെന്ന ബിജെപി തന്ത്രമാണു പൊളിഞ്ഞത്.
തരൂരിന്റെ ബന്ധുക്കളുടെ പ്രതികരണം സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്നും അംഗത്വവിതരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണു ബിജെപി നേതൃത്വം തടിയൂരിയത്.