നിയാസ് മുസ്തഫ
കോട്ടയം: തിരുവനന്തപുരം ലോക്സഭാ സീറ്റിൽ ബിജെപി സ്ഥാനാർഥിയായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പേര് വീണ്ടും സജീവമായി. ബിജെപി സംസ്ഥാന നേതൃത്വം തയാറാക്കിയ സ്ഥാനാർഥി പട്ടികയിൽ മുൻതൂക്കം നിർമല സീതാരാമനാണെന്നും ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കൂടി ഇനി അറിയാനുണ്ടെന്നും മുതിർന്ന ബിജെപി നേതാവ് രാഷ്ട്രദീപികയോട് വ്യക്തമാക്കി.
സൂപ്പർതാരം മോഹൻലാലിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞു. ഇതോടെയാണ് നിർമല സീതാരാമനിലേക്ക് ചർച്ചകൾ എത്തി നിൽക്കുന്നത്. മധുര സ്വദേശിനിയായ നിർമല നിലവിൽ കർണാടകയിൽനിന്നുള്ള രാജ്യസഭാ എംപി ആണ്.
യുഡിഎഫ് സ്ഥാനാർഥി ആയി നിലവിലെ എംപി കൂടിയായ ശശി തരൂർ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് നിർമലയുടെ പേരിന് പിന്തുണ കിട്ടുന്നത്. ശശി തരൂരിനെപ്പോലെ ദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രമുഖനെതിരേ മത്സരിക്കാൻ ദേശീയ നേതാവും നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രബലയുമായ നിർമല സീതാരാമന്റെ സ്ഥാനാർഥിത്വം ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് അവർ കണക്കുകൂട്ടുന്നത്.
ഒാഖി ദുരന്ത സമയത്ത് മത്സ്യത്തൊഴിലാളികളിൽനിന്ന് നിർമല സീതാരാമനു കിട്ടിയ പിന്തുണ ബിജെപി ഏറ്റവും പ്രധാനമായും കാണുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേയും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ദുരന്തമേഖലകളിൽ സന്ദർശനത്തിനെത്തിയ നിർമലയെ ഇരുകൈയും നീട്ടിയാണ് മത്സ്യത്തൊഴിലാളികൾ സ്വീകരിച്ചത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദു സ്ത്രീ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ചിന്തിച്ചു തുടങ്ങിയതായി കണക്കാക്കുന്നു. ഈ അനുകൂല അവസ്ഥ മുതലാക്കാൻ വനിതാ സ്ഥാനാർഥി വരുന്നത് ഗുണം ചെയ്യുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.
നരേന്ദ്രമോദി സർക്കാരിലെ കരുത്തയായ പ്രതിരോധ മന്ത്രി, കേരളത്തിന്റെ തൊട്ടടുത്തുള്ള തമിഴ്നാട് സ്വദേശി, കേരള രാഷ്ട്രീയം അടുത്തു നിന്ന് മനസിലാക്കുന്ന വ്യക്തി തുടങ്ങിയ വിശേഷണങ്ങളും നിർമലയ്ക്ക് സഹായകമാകുമെന്നാണ് ബിജെപി കരുതുന്നത്. ശശി തരൂരിനെപ്പോലെ ജനങ്ങളുടെ മനസ് കയ്യിലെടുക്കാനുള്ള കഴിവ്, സംഭാഷണ മികവ്, പ്രാസംഗിക തുടങ്ങിയ ഗുണങ്ങളും നിർമലയ്ക്ക് സ്ഥാനാർഥി പട്ടികയിൽ മുൻതൂക്കം നൽകുന്നു.
മത ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാനുള്ള കഴിവ് നിർമലയ്ക്കുണ്ടെന്ന വിലയിരുത്തലുമുണ്ട്. മിസോറാം ഗവർണറായ കുമ്മനം രാജശേഖരന്റെ പേരും പറഞ്ഞു കേട്ടെങ്കിലും കുമ്മനത്തെക്കൊണ്ട് ഗവർണർ സ്ഥാനം രാജിവയ്പിച്ച് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കടന്പകളേറെയുണ്ട്. ഇതു മനസിലാക്കിയാണ് നിർമലയിലേക്ക് എത്തിനിൽക്കുന്നത്.
തിരുവനന്തപുരത്ത് നിർമല മത്സരിക്കുന്നതിൽ കേന്ദ്രം എതിരു പറഞ്ഞേക്കില്ലായെന്ന വിശ്വാസമാണ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ആർഎസ്എസും നിർമലയെ പിന്തുണയ്ക്കുന്നു. സുരേഷ് ഗോപി എംപി, ശാസ്ത്രജ്ഞൻ നന്പി നാരായണൻ, സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ഒ. രാജഗോപാൽ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 15470വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് അന്ന് ലഭിച്ചത്. 2,97,806 വോട്ട് ശശി തരൂർ നേടിയപ്പോൾ ഒ രാജഗോപാൽ 2,82,336 വോട്ടുകൾ നേടി. സിപിഐയുടെ ബെനറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.
2009ൽ ഒരു ലക്ഷത്തിനടുത്ത് വോട്ടുകൾക്ക് വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 2014ൽ 15470 ആയി കുറഞ്ഞതോടെയാണ് ബിജെപി ഈ മണ്ഡലത്തിൽ പ്രതീക്ഷ വച്ചുപുലർത്താൻ തുടങ്ങിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിനു കീഴിൽ വരുന്ന നേമം മണ്ഡലത്തിൽനിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒ.രാജഗോപാൽ വിജയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിൽനിന്ന് മത്സരിച്ച കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് വരികയും ചെയ്തു. കഴക്കൂട്ടത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ഇതെല്ലാം ബിജെപിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർഗോഡ് മണ്ഡലങ്ങളാണ് ഇത്തവണ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങൾ. ഇതിൽ തന്നെ തിരുവനന്തപുരത്തിനാണ് പ്രഥമ പരിഗണന. അതേസമയം, ബിജെപി നേതാവ് പി.പി മുകുന്ദൻ തിരുവനന്തപുരത്ത് സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. പി.പി മുകുന്ദനെ അനുനയിപ്പിച്ച് കൂടെ നിർത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്.