ശാസ്താംകോട്ട: അമിത ജലചൂഷണവും മണ്ണൊലിപ്പും മലിനീകരണവും മൂലം അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കണമെന്ന ആവശ്യം ഒരു വശത്ത് നടക്കുമ്പോൾ തടാകത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലെ മലിനജലവും മാലിന്യവും തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്നതിനുള്ള ഓടകൾ നിർമ്മിക്കുന്ന തിരക്കിലാണ് അധികൃതർ.
ശാസ്താംകോട്ട, ഭരണിക്കാവ് അടക്കമുള്ള പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് ഈ ഓട നിർമ്മാണം എന്നതാണ് ഏറെ രസകരം. ഇത് കൂടാതെ തടാകത്തിന്റെ തീരപ്രദേശങ്ങളിലെ താമസക്കാരുടെ വീടുകളിൽ നിന്നും കോളേജ്, ആശുപത്രികൾ ,മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉള്ള മലിനജലവും മാലിന്യങ്ങളും ഒഴുകി എത്തുന്നതും തടാകത്തിലാണ്.
തടാകത്തിൽ നിന്നും വിവിധ കുടിവെള്ള പദ്ധതിക്കുള്ള ജലം ശുദ്ധീകരിച്ച ശേഷം അധികമായി വരുന്ന മലിനജലം അധികൃതർ വീണ്ടും ഒഴുക്കുന്നതും തടാകത്തിലേക്ക് തന്നെയാണ്.ഇത് കൂടാതെയാണ് തടാകതീരത്ത് നടക്കുന്ന കുന്ന് ഇടിപ്പും മണ്ണെടുക്കലും മറ്റും.
ഈ വിധത്തിൽ ടൺ കണക്കിന് മണ്ണാണ് തടാകത്തിലേക്ക് ഒഴുകി എത്തുന്നത്. സ്വാഭാവിക നീരുറവകൾ അടഞ്ഞ് തടാകത്തിലെ ജലനിരപ്പ് കുറയാൻ ഒരു പ്രധാന കാരണം ഇതാണ്.തടാകത്തിന്റെ തീരത്ത് പട്ടരു കുഴി എന്ന ഭാഗത്ത് വലിയ കിണർ നിർമ്മിച്ച് മലിനജലം ഇതിൽ കൊണ്ട് വന്ന് ഒഴുക്കി ശുദ്ധീകരിച്ച ശേഷം വീണ്ടും തടാകത്തിലേക്കൊഴുക്കുന്ന ഒരു ബൃഹത് പദ്ധതി ആവിഷ്കരിച്ചെങ്കിലും അത് ഉപേക്ഷിച്ച മട്ടാണ്.