ശാസ്താംകോട്ട: ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന ശാസ്താംകോട്ട റെയിൽ വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയെന്ന് യാത്രക്കാരുടെ പരാതി.പ്ലാറ്റ്ഫോമിനോട് ചേർന്ന് നിന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
യാത്രക്കാർക്ക് ഇരിക്കുവാൻ പരിമിതമായ ഇരിപ്പിടങ്ങൾ മാത്രമുള്ള ഇവിടെ ഉള്ള ഇരിപ്പിടങ്ങൾ ഉപയോഗിക്കാൻ കഴിയാതെ കാടുപിടിച്ചു കിടക്കുകയാണ്. യാത്രക്കാരുടെ പരാതിയെ തുടർന്നു കഴിഞ്ഞയാഴ്ച കുറച്ചു കാടുവെട്ടിയെങ്കിലും പ്ലാറ്റ്ഫോമിലേക്ക് ചാഞ്ഞ് നിന്ന മരങ്ങൾ മുറിച്ച് പ്ലാറ്റ്ഫോമിൽ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം അധികമായി വന്ന മെറ്റൽ കഷണങ്ങൾ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിലാണ്.
പ്ലാറ്റു ഫോമിൽ കൂടികിടക്കുന്ന മെറ്റൽ പൊടിയിൽ കാട് പിടിച്ചതോടെ പ്ലാറ്റ്ഫോമിൽ നിൽക്കാനുള്ള സ്ഥലം കുറയുകയും ഇഴജന്തുക്കളുടെ ശല്യവും നേരിടുന്നതായി യാത്രക്കാർ പരാതി പറയുന്നു. റെയിൽവേസ്റ്റേഷൻ പരിപാലനം കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ധാരണയിൽ വഴിപാടായി മാറുന്നുവെന്ന് യാത്രക്കാർ പരാതി പറയുന്നു.