ശാസ്താംകോട്ട: കുന്നത്തൂർമാനാമ്പുഴ പുളിമൂട്ടുവിളയിൽ ഷിബു ചെറിയാന്റെ (38) മരണത്തിലെ ദുരൂഹത അന്വഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകി.ഈ മാസം ഒന്നിനാണ് ഷിബു ചെറിയാനെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഇയാളുടെ വിവാഹമോതിരവും വീടിന്റെ രണ്ട് താക്കോലും നഷ്ടപ്പെടുകയും മൃതദേഹത്തിൽ നിരവധി മുറിപ്പാടുകൾ കാണപ്പെടുകയും ചെയ്തിരുന്നു.
നാട്ടിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷിബു ചെറിയാന്റെ വിവാഹം ഖത്തറിൽ ജോലിയുള്ള യുവതിയുമായി രണ്ട് മാസം മുമ്പാണ് നടന്നത്. യുവതി അടുത്ത സമയത്തായി തിരികെ മടങ്ങിയിരുന്നതിനാൽ ഇയാൾ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്ന ത്. ഇയാളെയും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു.
കഴിഞ്ഞ മാസം 31 ന് രാത്രി 8.30 ന് സഹോദരിയെ ഷിബു ചെറിയാൻഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. രാത്രിയിൽ ഭാര്യയുടെ ബന്ധുക്കളായ രണ്ട് പേർ തന്നെ കാണാൻ എത്തുമെന്നും ഗൾഫിൽ പോകുന്നതിന്റെ പേപ്പറുകൾ ശരിയാക്കാനാണ് ഇവർ വരുന്നതെന്നും ഷിബു പറഞ്ഞിരുന്നു. ഫോണിൽ കൂടി സംസാരിക്കുന്നതിനിടെ അവർ വന്നെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
എന്നാൽ പിന്നീട് സഹോദരിമാരും ഭാര്യയും ഫോൺ വിളിച്ചങ്കിലും എടുത്തിരുന്നില്ല.പിറ്റേ ദിവസം സമീപവാസി ക ളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെത്തി നോക്കുമ്പോഴാണ് ഷിബു ചെറിയാൻ മരിച്ച നിലയിൽ കാണപ്പെട്ടത്.വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു.
പിന്നീട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കടമ്പനാട് പള്ളിയിൽ സംസ്ക്കരിക്കുകയും ചെയ്തു. ഷിബു ചെറിയാൻ സഹോദരിയോട് പരാമർശിച്ച വരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.