കോട്ടയം: പ്രളയത്തെ അതിജീവിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി വിദ്യാർഥികൾ. കോട്ടയത്ത് ഇന്നലെ നടന്ന റവന്യു ജില്ലാ ശാസ്ത്രമേളയിലാണ് വിദ്യാർഥികൾ തങ്ങളുടെ പുത്തൻ പരീക്ഷണം അവതരിപ്പിച്ചത്.
വെള്ളം പൊങ്ങുന്പോൾ വീടിന്റെ ഒരു മുറി സ്വയം ഉയരുന്ന പ്രവർത്തന മാതൃകയുമായി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥികളായ റിയ ജയിംസും ആൽബിൻ ജോയിയുമാണ് മേളയിലെ താരങ്ങളായത്. വീടിനുള്ളിൽ വെള്ളം ഉയരുന്പോൾ വീടിനുള്ളിൽ സ്ഥാപിച്ച തെർമോകോളിലുള്ള ലോഹ സംവിധാനം ഉയർന്ന് വൈദ്യുതിയുമായി സന്പർക്കമുണ്ടാകുന്നു.
അപ്പോൾ മോട്ടോർ പ്രവർത്തിച്ച് വീടിന്റെ ഒരു മുറി തനിയെ ഉയരുന്നു. രണ്ടു നിലവരെ വെള്ളം ഉയർന്നാൽ പോലും സുരക്ഷിതരായി വീട്ടിലുള്ളവർക്ക് ഉയർന്ന മുറിയിൽ കഴിയാം. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ട് കിടപ്പുരോഗികൾക്കുപോലും പ്രളയത്തിൽനിന്നു രക്ഷനേടാമെന്നതാണ് ഇതിന്റെ പ്രത്യേകത.
വെള്ളപ്പൊക്ക സമയത്ത് ടെറസിൽ കയറാതെ എയർ ലിഫ്റ്റിംഗ് സൗകര്യവും തീപിടിത്തമുണ്ടാകുന്പോൾ തനിയെ വെള്ളം എത്തി തീയണയാനുള്ള വിദ്യയും വീടിനു ചുറ്റും മലിന ജലം പൊങ്ങിക്കിടക്കുന്പോൾ കിണറ്റിൽ നിന്നും കുടിവെള്ളം വൈദ്യുതിയുടെ സഹായമില്ലതെ എത്തിക്കാനുള്ള മാർഗവും ഇവർ അവതരിപ്പിച്ചു.