സ്വന്തം ലേഖകൻ
തൃശൂർ: ജനങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരിഹരിച്ച് കാര്യങ്ങൾ കൂറേക്കൂടി ഈസിയാക്കാൻ ശാസ്ത്രത്തെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് കാണിച്ചു തന്ന് ഒരു ശാസ്ത്രോത്സവം കൂടി ഇന്ന് കൊടിയിറങ്ങും. കുന്നംകുളത്തെത്തിയ കുട്ടിശാസ്ത്രജ്ഞൻമാർ കാണിച്ചു തന്ന പുതിയ കാര്യങ്ങളും പുത്തൻ ആശയങ്ങളും ഈ മേള കൊടിയിറങ്ങുന്നതോടെ അവസാനിക്കുന്നതാകരുത്.
കുഴൽകിണറിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന കുരുന്നുകളെ രക്ഷിക്കാനും കൃഷി ലാഭകരമാക്കാനും സൂര്യോർജത്തിൽ നിന്ന് ഇന്ധനമുണ്ടാക്കാനും വാഹനാപകടങ്ങൾ കുറയ്ക്കാനുമൊക്കെയുള്ള പുതിയ കണ്ടുപിടുത്തങ്ങൾ ഈ കുട്ടി ശാസ്ത്രജ്ഞന്മാർ കാഴ്ചവെക്കുന്പോൾ അത് നാടിനും നാട്ടാർക്കും ഉപകാരപ്രദമാകുന്നവയാണ്.
കാർഷിക സർവകലാശാലയും ശാസ്ത്രസാങ്കേതിക സർവകലാശാലയും മെഡിക്കൽ സർവകലാശാലയും സർക്കാർ സംവിധാനങ്ങളും ഈ മേളയിലെ പുതിയ ആശയങ്ങൾ കണ്ടറിയണം. ജനങ്ങളിലേക്ക് എത്താത്ത കോടികളുടെ ഗവേഷണങ്ങളല്ല ഈ കുട്ടികൾ കാണിച്ചു തരുന്നത്. കുറഞ്ഞ ചിലവിൽ എങ്ങിനെ ജനോപകാര പ്രദമാകാം എന്നതാണ് ഇവരുടെ പ്രൊജക്ടുകളുടെ സവിശേഷത.
പല കുട്ടി ശാസ്ത്രജ്ഞരും സർക്കാരിനു മുന്നിൽ തങ്ങളുടെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിച്ച് അവ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. കുട്ടികളെ ശാസ്ത്രജ്ഞരാക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നുവെന്ന് മേളയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് പറഞ്ഞത് ശാസ്ത്രോത്സവവും കുട്ടികളുടെ കുട്ടികളുടെ കണ്ടുപിടുത്തങ്ങളും കുട്ടിക്കളിയല്ല എന്ന് തിരിച്ചറിഞ്ഞതു കൊണ്ടുതന്നെയാണ്.
കുന്നംകുളത്തെ മേളയിൽ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളെയാണ് ശാസ്ത്രജ്ഞരാക്കാനുള്ള സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകുകയെന്നും ശാസ്ത്രമേളയിലെ അന്വേഷണ ഭാവനയുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലെ 30 വീതം കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ജനകീയ വേദികളിൽ ശാസ്ത്ര മികവുകൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാക്കി.
അവരിൽ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്താണ് ശാസ്ത്രജ്ഞരായി വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പ്രഖ്യാപിച്ചത് ശാസ്ത്രമേളയ്ക്കെത്തിയ കുട്ടിശാസ്ത്രജ്ഞൻമാർക്ക് ആവേശവും പ്രോത്സാഹനവുമായിട്ടുണ്ട്. ശാസ്ത്രലോകത്തിന്റെ തുറക്കാത്ത ജാലകങ്ങൾ തുറന്ന് പുതിയ കാഴ്ചകൾ കാണിച്ചുകൊടുത്ത് കുട്ടി ശാസ്ത്രജ്ഞൻമാർ കുന്നംകുളത്തോട് വിടപറയുന്നത് വലിയ ശാസ്ത്രജ്ഞന്മാരായി വീണ്ടും ഇവിടേക്കെത്തുമെന്ന പ്രതീക്ഷയോടെയാണ്.