അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, ഇന്ത്യൻ പ്രീമിയർ ലീഗിലേക്കു പുതുതായെത്തിയ അഹമ്മദാബാദ് ടീമിന്റെ മുഖ്യപരിശീലകനായേക്കും.
അഹമ്മദാബാദ് ടീമിന്റെ ഉടമകളായ സിവിസി ക്യാപിറ്റൽസ് രവി ശാസ്ത്രിയെ സമീപിച്ചതായും തീരുമാനമെടുക്കാൻ സമയം വേണമെന്നു ശാസ്ത്രി ആവശ്യപ്പെട്ടതായുമാണു റിപ്പോർട്ടുകൾ.
ട്വന്റി20 ലോകകപ്പിനുശേഷം ഇക്കാര്യത്തിൽ രവി ശാസ്ത്രി തീരുമാനമെടുക്കുമെന്നാണു കരുതപ്പെടുന്നത്. ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീമിൽ സഹ പരിശീലകരായ ഭരത് അരുണ്‍, ആർ. ശ്രീധർ എന്നിവരും അഹമ്മദാബാദ് ടീമിനൊപ്പം ചേരുമെന്നു റിപ്പോർട്ടുകളുണ്ട്.