സ്വന്തം ലേഖകൻ
തൃശൂർ: കുട്ടി ശാസ്ത്രജ്ഞരേയും അവരുടെ വലിയ വിജ്ഞാനങ്ങളേയും വരവേൽക്കാൻ കുന്നംകുളം ഒരുങ്ങി. നവംബർ മൂന്നുമുതൽ അഞ്ചുവരെ നീളുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.പെരുന്പിലാവ് ടിവിഎം എച്ച്എസ്എസ്, പന്നിത്തടം കോണ്‍കോർഡ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം ബദനി കോണ്‍വെന്റ് ജിഎച്ച്എസ്എസ്, ബദനി സെന്റ് ജോസഫ്സ് ഇഎംഎച്ച്എസ്എസ്, കുന്നംകുളം മുൻസിപ്പൽ ടൗണ്‍ഹാൾ, വിഎച്ച്എസ്എസ് ഗവ ബോയ്സ് എന്നിവിടങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്.
കേരള സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, വൊക്കേഷണൽ എക്സ്പോ ആൻഡ് കരിയർ ഫെസ്റ്റ്, കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള, കേരള സ്കൂൾ ഐടി മേള, കേരള സ്കൂൾ ഗണിത ശാസ്ത്രമേള എന്നിവയടങ്ങിയതാണ് കേരള സ്കൂൾ ശാസ്ത്രമേള.
പതിനായിരത്തോളം വിദ്യാർഥികൾ ശാസ്ത്രമേളയിൽ പങ്കെടുക്കും. ഞായറാഴ്ച രാവിലെ 9.30ന് മന്ത്രി എ.സി.മൊയ്തീൻ ശാസ്ത്രമേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിക്കും. മന്ത്രി സി.രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. ഗവ.ചീഫ് വിപ്പ് കെ.രാജൻ, ടി.എൻ.പ്രതാപൻ എംപി എന്നിവർ മുഖ്യാതിഥികളാകും.
സമാപനസമ്മേളനം അഞ്ചിന് വൈകീട്ട് നാലിന് രമ്യഹരിദാസ് എംപി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എംപി സമ്മാനദാനം നിർവഹിക്കും.