തിരുവനന്തപുരം: ശാശ്വതികാനന്ദസ്വാമിയുടെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നത് വരെ വിശ്രമമില്ലെന്ന് ശാശ്വതികാനന്ദ സ്വാമിജി മതാതീത ആത്മീയ ട്രസ്റ്റും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വ്യക്തമാക്കി.
നിയമപോരാട്ടവും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചുവെന്ന് ട്രസ്റ്റ് ഭാരവാഹി ബിജു ദേവരാജ് രാഷ്ട്രദീപികയോട് പറഞ്ഞു.
കെ.കെ.മഹേശന്റെ മരണം നടന്നിട്ട് ഒരു രാഷ്ട്രീയ പാർട്ടിക്കാർ പോലും അതിനെതിരേ ശബ്ദമുയർത്തിയില്ല. സ്വാമി ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ഹൈക്കോടതിയിൽ ഉൾപ്പെടെ തുറന്ന കത്ത് നൽകിയ സ്വാമി പ്രീതാത്മാനന്ദയെ പതിനഞ്ച് വർഷമായി കാണാനില്ല.
ഇതിനെല്ലാം പിന്നിൽ വെള്ളാപ്പള്ളി നടേശന്റെയും തുഷാറിന്റെയും പങ്കുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ ആരോപിച്ചു. എ സ്എൻഡിപി യോഗത്തിന്റെ പ്രധാന ചുമതല വഹിച്ചുകൊണ്ട് വെള്ളാപ്പള്ളിയും തുഷാറും നടത്തുന്ന ദുഷ്ചെയ്തികൾക്കെതിരേ പൊതുസമൂഹത്തെ അണിനിരത്തും.
ശാശ്വതീകാനന്ദ സ്വാമി മതാതീത ആത്മീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച ഉന്നതർക്കെതിരേ ആറായിരത്തോളം വരുന്ന എസ്എൻഡിപി ശാഖയിലെ സമുദായ അംഗങ്ങളെയും പൊതുസമൂഹത്തെയും ഉൾക്കൊള്ളിച്ച് സമരപരിപാടികളുമായി മുന്നോട്ട് പോകും.
സ്വാമിയുടെ പേരിൽ ഭക്തർ ദാനമായി നൽകിയ സ്വത്ത് വകകൾ ഉൾപ്പെടെ ചിലർ തട്ടിയെടുത്തു ബെനാമികളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണ്. സ്വാമിയുടെ സന്തത സഹചാരിയായിരുന്ന പുരുഷോത്തമന്റെ മരണത്തിലും വെള്ളാപ്പള്ളിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബിജു ദേവരാജ് ആവശ്യപ്പെട്ടു.
പുരുഷോത്തമന്റെ പേരിൽ ശാശ്വതികാനന്ദ സ്വാമി എഴുതി വച്ച സ്വത്തുക്കൾ അദ്ദേഹം സ്വാമിയുടെ കുടുംബാംഗങ്ങൾക്ക് എഴുതി നൽകാൻ തീരുമാനിച്ചപ്പോഴാണ് പുരുഷോത്തമൻ വാഹനാപകടത്തിൽ മരിച്ചത്.
ആ സ്വത്തുക്കൾ ഇപ്പോൾ ചില ഉന്നരുടെ ബെനാമികളുടെ കൈവശമാണ്. ബെനാമികളെ കണ്ടെത്തി സ്വാമിയുടെ കുടുംബം ഈ സ്വത്തുക്കളെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ വിവാദത്തിലായിരിക്കുന്ന ചില പ്രമുഖർ പറഞ്ഞാൽ സ്വത്തുക്കൾ മടക്കി നൽകാമെന്ന് അവർ പറഞ്ഞുവെന്നും ബിജു ദേവരാജ് പറയുന്നു. ഈ സ്വത്തുക്കൾ പ്രമുഖരുടെ കൈവശം എത്തിയതിനെക്കുറിച്ചും വിശദമായി അന്വേഷണം നടത്തണം.
ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖർക്കെതിരേ വ്യക്തമായ തെളിവുകൾ സഹിതം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നൽകിയ നിവേദനത്തിലെ തുടർനടപടികൾക്കുവേണ്ടി കാത്തിരിക്കുകയാണെന്നും ബിജു ദേവരാജും ട്രസ്റ്റ് ഭാരവാഹികളും അറിയിച്ചു.