മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകൾ പണിമുടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഇവിടെയുള്ള നാല് ലിഫ്റ്റുകളിൽ രണ്ട് ലിഫ്റ്റുകൾ പൂർണമായി പണിമുടക്കി.
ബാക്കിയുള്ള രണ്ടെണ്ണം ഏതുനിമിഷവും പണിമുടക്കിയേക്കാം. ലിഫ്റ്റ് ഓപ്പറേറ്റർമാരായി അഞ്ച് സ്ഥിരം ജീവനക്കാരാണ് ആശുപത്രിയിലുള്ളത്. ഇവരിൽ ചിലരൊന്നും കാര്യമായ പണി ഇല്ലാത്ത അവസ്ഥയിലാണ്.
ലിഫ്റ്റുകളുടെ സുഗമമായ പ്രവർത്തനം തടസപ്പെടുന്ന വേളയിൽ ഇവർ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും അതിനു പരിഹാരം കാണാറില്ല.
ലിഫ്റ്റുകൾ ഇടയ്ക്കിടെ പണിമുടക്കുന്നത് വർഷങ്ങളായി തുടർന്നിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല.
ഡോ. സൂസൻ ഉതുപ്പ് സൂപ്രണ്ട് ഇൻ-ചാർജ് ആണ്. ഇവർ ചാർജെടുത്തിട്ട് കുറച്ചു നാളുകളേ ആയിട്ടുള്ളൂ.ലിഫ്റ്റുകൾ പണിമുടക്കുന്ന അവസരത്തിൽ അടിയന്തരമായി ചില കരാറുകാർക്ക് പണി ഏൽപ്പിക്കുകയാണ് ചെയ്തു വരുന്നത്.
അറ്റകുറ്റപ്പണി നടത്തി ദിവസങ്ങൾക്കുള്ളിൽ ലിഫ്റ്റുകൾ പ്രവർത്തന രഹിതമാകുകയാണ് പതിവ്.കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധിപേരാണ് ലിഫ്റ്റിൽ കുടുങ്ങിപ്പോയത്.
ചില അവസരങ്ങളിൽ ലിഫ്റ്റുകൾ പകുതി വഴിയിൽ നിന്ന് പോകുകയാണ് ചെയ്യുന്നത്. നാല് നിലകളുള്ള ആശുപത്രിയിൽ മൂന്നാമത്തെ നിലയിലാണ് സ്ത്രീകളുടെ സ്കാനിംഗ് ഉൾപ്പെടെയുള്ളവ സ്ഥിതി ചെയ്യുന്നത്.
ഒന്നാമത്തെ നിലയിൽ നിന്ന് ഇവരെ കൂട്ടിരിപ്പുകാർ താങ്ങിയെടുത്താണ് മുകളിലത്തെ നിലയിൽ എത്തിക്കുന്നത്.