അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് പാക്കിസ്ഥാന് തിരിച്ചടിക്ക് കോപ്പുകൂട്ടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, പാക് നീക്കങ്ങള്‍ എന്താകുമെന്ന് ഓര്‍ത്ത് ഇന്ത്യയ്ക്ക് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല. കാരണം, പാക്കിസ്ഥാന്റെ ഓരോ ചലനങ്ങളും ഇന്ത്യ മുകളില്‍ നിന്ന് അറിയുന്നുണ്ട്. പാക് സൈന്യത്തിന്റെയും ഭീകരരുടെയും നീക്കങ്ങള്‍ ഇന്ത്യന്‍ സൈനിക ഉപഗ്രഹങ്ങള്‍ കൃത്യമായി പകര്‍ത്തുന്നുണ്ടെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്ത. കാര്‍ട്ടോസാറ്റ് ഉപഗ്രഹമാണ് വിവരങ്ങള്‍ പിടിച്ചെടുക്കുന്നത്. പാക് അധിനിവേശ കാഷ്മീരില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപഗ്രഹം സൈന്യത്തിനു കൈമാറുന്നുണ്ട്. അതേസമയം, എന്തൊക്കെ രഹസ്യങ്ങളാണ് കൈമാറുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹങ്ങളായ കാര്‍ട്ടോസാറ്റ്–2 എ, കാര്‍ട്ടോസാറ്റ്–2 ബി, കാര്‍ട്ടോസാറ്റ്–2 സി എന്നിവയാണ് അതിര്‍ത്തിയിലെയും അതിര്‍ത്തിക്കപ്പുറത്തെയും നീക്കങ്ങള്‍ വീക്ഷിക്കുന്നത്. ബഹിരാകാശത്തു നിന്നുള്ള ഭൗമനിരീക്ഷണത്തിനായി ഈവര്‍ഷം ജൂണില്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്–2സി പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകള്‍ സംബന്ധിച്ച വ്യക്തമായ ചിത്രങ്ങളും വീഡിയോകളും സൈന്യത്തിന് കൈമാറിയിരുന്നു. വ്യാഴാഴ്ച നടന്ന കമാന്‍ഡോ ഓപ്പറേഷന് സൈന്യത്തെ സഹായിച്ചതും കാര്‍ട്ടോസാറ്റാണെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്റെ വീഡിയോയും ഇത്തരത്തില്‍ പകര്‍ത്തിയതായാണ് വിവരം. 2007ല്‍ വിക്ഷേപിച്ച കാര്‍ട്ടോസാറ്റ്–എ ശത്രുവിന്റെ മിസൈല്‍ ആക്രമണങ്ങള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ടതാണ്.
നിലവില്‍ വന്‍കിടരാജ്യങ്ങളായ ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഈ ഗണത്തിലേക്ക് എത്തിയതോടെ ഇന്ത്യയുടെ പ്രതിരോധമേഖല കൂടുതല്‍ ശക്തമായിരിക്കുകയാണ്. സൈനിക ആവശ്യത്തിനായി കാര്‍ട്ടോസാറ്റ് –സി, കാര്‍ട്ടോസാറ്റ്–ഡി എന്നിവയും വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നതായാണ് വിവരം. നിലവില്‍ കടലിലെ ആശയവിനിമയ ആവശ്യങ്ങള്‍ക്കായി നാവികസേന ജി–സാറ്റ്–7, രുക്മിണി ഉപയോഗിക്കുന്നുണ്ട്. ജിസാറ്റ്– 6 ഉപഗ്രഹവും സൈനിക ആശയവിനിമയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു.