ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. സൈന്യം പിൻമാറുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ ബഹിരാകാശ സ്ഥാപനമായ മാക്സർ ടെക്നോളജീസ് പുറത്തുവിട്ടു. ലഡാക്കിലെ ഡെപ്സാംഗ്, ഡെംചോക്ക് മേഖലകളിൽനിന്ന് ഇന്ത്യ-ചൈന സൈനികർ പിൻവാങ്ങുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിന് ശമനമാകുകയാണ്.
ഡെപ്സാംഗിൽ ചൈനീസ് സൈന്യം നിർമിച്ച പുതിയ ക്യാമ്പുകളുടെ ചിത്രങ്ങളും മാക്സർ ടെക്നോളജീസ് പുറത്തുവിട്ടിട്ടുണ്ട്. നിലവിലെ ബഫർ സോണുകൾക്കപ്പുറം ചൈനയുടെ കൈവശമുള്ള പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണപ്രവൃത്തികളുടെയും ചിത്രങ്ങളും മാക്സർ പുറത്തുവിട്ടതിൽ ഉൾപ്പെടുന്നു.
സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ ഈ മാസമാദ്യം പാർലമെന്റിൽ വിശദീകരണം നൽകിയിരുന്നു. അനിഷ്ട സംഭവങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടാകാതിരിക്കാൻ, അത്തരം സാധ്യതകളുള്ള മേഖലകളിൽനിന്നു വിട്ടുനിൽക്കുന്നത് ഉറപ്പാക്കുക എന്നതിനായിരുന്നു മുൻഗണന. ഇതിൽ പൂർണമായും വിജയം കണ്ടെന്ന് ജയശങ്കർ പറഞ്ഞിരുന്നു.