ആരാണ് സാത്താന്? അവന് എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന് എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന് ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്.
ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന് എന്നു പറയാം. മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും പൂര്‍ണമായും ദൈവത്തിന് എതിരാക്കി മാറ്റുകയെന്നതാണ് ഈ പ്രേരകശക്തിയുടെ ലക്ഷ്യം. ദൈവത്തിന് എതിരാകുന്നവന്‍ സ്വാഭാവികമായും സ്വന്തം സഹോദരനും സമൂഹത്തിനും തനിക്കു തന്നെയും എതിരായിരിക്കും. ദൈവത്തിനെതിരേ നിലകൊള്ളാന്‍ ശ്രമിക്കുകയും ആ വഴിയിലേക്കു മറ്റുള്ളവരെ ആനയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാത്താനിക ശക്തിയുടെ ഉത്ഭവം സംബന്ധിച്ചു ചില സൂചനകള്‍ ബൈബിള്‍ തന്നെ നമുക്കു മുന്നില്‍ വയ്ക്കുന്നു.
ലൂസിഫര്‍
ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നതനുസരിച്ചു ലൂസിഫര്‍ ആണു തിന്മയുടെ പ്രതിരൂപം. സാത്താനെ പിന്തുടരുന്നവരുടെ ആരാധനാ മൂര്‍ത്തിയാണു ലൂസിഫര്‍. പ്രകാശം വഹിക്കുന്നവന് അഥവാ പ്രകാശധാരി എന്നിങ്ങനെയാണു ലൂസിഫര്‍ എന്ന വാക്കിന്റെ അര്‍ഥം. ദൈവത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍നിന്നു അന്ധകാരത്തിലേക്കു പുറന്തള്ളപ്പെട്ട മാലാഖയാണു ലൂസിഫര്‍ എന്നാണു ക്രൈസ്തവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രധാനപ്പെട്ട ഒരു മാലാഖവൃന്ദത്തിന്റെ നേതാവായിരുന്നു ലൂസിഫര്‍. എന്നാല്‍, ഒരിക്കല്‍ ലൂസിഫറിനു ദൈവത്തെപ്പോലെയാകണമെന്ന മോഹം കലശലായി. അവനും അനുയായികളും ദൈവത്തിനെതിരേ തിരിഞ്ഞു. ഇതോടെ ലൂസിഫറിനെയും സംഘത്തെയും ദൈവം സ്വര്‍ഗത്തില്‍നിന്നു പാതാളത്തിന്റെ അന്ധകാരത്തിലേക്കു തള്ളിയത്രേ. ബൈബിളില്‍ ഏശയ്യയുടെ പുസ്തകത്തിലെ പതിന്നാലാം അധ്യായത്തില്‍ ഈ പരാമര്‍ശങ്ങള്‍ കാണാം.
അങ്ങനെ അന്ധകാരത്തിലേക്കു തള്ളപ്പെട്ട ലൂസിഫറും അവന്റെ അനുയായികളും ഇന്നും ഭൂമിയില്‍ ദൈവത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണു വിശ്വാസം. ദൈവത്തിനെതിരേ പ്രവര്‍ത്തിക്കാനും തിന്മ ചെയ്യാനും മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ടാണു ലൂസിഫറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനമെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരം ശക്തികളെ പൂജിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണു സാത്താന് പ്രേമികള്‍ എന്നു വിളിക്കപ്പെടുന്നത്. ഇത്തരം ഗ്രൂപ്പുകളുടെ സംഘടിതമായ പ്രവര്‍ത്തനം ലോകമെമ്പാടും ശക്തമാണ്. തിന്മയുടെ ശക്തി എന്ന നിലയിലാണു ലൂസിഫറിനെ ആരാധനാമൂര്‍ത്തിയായി സാത്താന്‍പ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഇരകളെ തേടി
തിന്മയുടെ ശക്തിയെ ആരാധിക്കുന്നവരുടെയും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയുടെയും പ്രവര്‍ത്തനം നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ ലോകത്തില്‍ ദൃശ്യമാണ്. എന്നാല്‍, സമീപകാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇത്തരം ശക്തികള്‍ പുതിയ തന്ത്രങ്ങള്‍ അവലംബിച്ചു കൂടുതല്‍ ഇരകളെ തങ്ങളുടെ കെണികളിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വിഷച്ചിലന്തികളെപ്പോലെ വലനെയ്ത് അവര്‍ ഇരകള്‍ക്കായി കാത്തിരിക്കുന്നു. ആട്ടിന്തോല് ധരിച്ച ചെന്നായെപ്പോലെയാണ് ഇപ്പോള്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.
ഞങ്ങള്‍ സാത്താന് പ്രേമികളാണെന്നു പറഞ്ഞു നേരിട്ട് ആളെ കൂട്ടുന്നതിനേക്കാള്‍ ഉപരിയായി സമൂഹം വ്യാപരിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകളില്‍ തന്ത്രപരമായി കടന്നുകയറുകയും സാത്താനികമായ ആശയങ്ങളും അടയാളങ്ങളും വ്യക്തികളുടെ ബോധതലങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയുമൊക്കെയാണ് രീതി. കടുത്ത ദൈവവിശ്വാസികള്‍പോലും അറിഞ്ഞോ അറിയാതെയോ ഇത്തരം കെണികളിലേക്കു വീണുപോകുന്നുവെന്നതാണ് ഇന്നു നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.
കലയുടെയും ഐടി വിപ്ലവത്തിന്റെയും ഫാഷന്റെയും വിനോദത്തിന്റെയുമൊക്കെ തോലുകള്‍ ധരിച്ചാണു തിന്മയുടെ ചെന്നായ്ക്കള്‍ വിഹാരം നടത്തുന്നത്. അതീവ ജാഗ്രതയും സൂക്ഷ്മതയുമില്ലെങ്കില്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനോ ഒഴിവാക്കാനോ പ്രതിരോധിക്കാനോ കടുത്ത ദൈവവിശ്വാസികള്‍ക്കു പോലും കഴിയാതെ വരും. മനുഷ്യനു സമ്പത്തിനോടുള്ള ആര്‍ത്തിയും പരിഷ്കാരത്തോടുള്ള അമിതമായ ഭ്രമവും ഇത്തരം സംഘങ്ങള്‍ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നു സമ്പന്നനാകാനും എതിരാളികളെ തകര്‍ക്കാനുമൊക്കെ ഇത്തരം സംഘങ്ങളിലേക്കു ചേക്കേറുന്നവരാണു പലരും.