സാത്താന്‍ പ്രേമികളുടെ സംഘടിതമായ പ്രവര്‍ത്തനം ചരിത്രത്തില്‍ ദൃശ്യമാകുന്നത് 1960കളിലാണ്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആന്റണ്‍ എസ്. ലാവേ എന്നയാളാണു ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന സംഘടിത സംവിധാനത്തിന്റെ സ്ഥാപകന്‍. 1966 ഏപ്രില്‍ 30ന് ലാവേ തന്റെ തല മുണ്ഡനം ചെയ്തു. തുടര്‍ന്നു സാത്താന്‍ സഭ സ്ഥാപിക്കുകയാണെന്നു പ്രഖ്യാപിച്ചു. (1966 ജൂണ്‍ ആറിനാണ് ഇയാള്‍ സഭ പ്രഖ്യാപിച്ചതെന്നു വാദിക്കുന്നവരുമുണ്ട്). ക്രൈസ്തവ സഭയുടെ ചിട്ടവട്ടങ്ങളെയും അനുഷ്ഠാനങ്ങളെയും വികലമായ രീതിയില്‍ അനുകരിച്ചു സാത്താനിക അനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. അതിനായി സാത്താനിക ബൈബിള്‍, സാത്താനിക അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചു. ഇന്നു സാത്താന്‍ പ്രേമികളുടെ ആശയങ്ങളുടെ അടിസ്ഥാനം ഈ ഗ്രന്ഥങ്ങളാണ്.
സാത്താനിക മാമ്മോദീസ, വിവാഹം, ശവസംസ്കാരം ഇതൊക്കെ അനുയായികള്‍ക്കായി നടപ്പാക്കി. പുലിത്തോല്‍ ധരിച്ച അര്‍ധനഗ്നയായ സ്ത്രീകളെ അനുഷ്ഠാനങ്ങളുടെ പീഠമായും ഉപയോഗിച്ചു. ലാവേയുടെ രണ്ടാം ഭാര്യ ഡയാന സാത്താന്‍ സഭയുടെ ഉയര്‍ന്ന പുരോഗിതയായി. മക്കളെ ഇരുവരെയും ഇയാള്‍ സാത്താനിക മാമ്മോദീസയ്ക്കു വിധേയരാക്കി. മകള്‍ കാര്‍ല യൂണിവേഴ്‌സിറ്റികളിലും കോളജുകളിലുമൊക്കെ സാത്താനിക തത്ത്വങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചുമൊക്കെ ക്ലാസുകളെടുത്തു യുവതലമുറയെ വലയില്‍ വീഴ്ത്തി. ദൈവവിശ്വാസത്തിനും നന്മയുടെ പ്രമാണങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളും പഠനങ്ങളും പെട്ടെന്നു തന്നെ മാധ്യമങ്ങള്‍ ആഘോഷമാക്കി. അതീവ അപകടകരമായ ആശയങ്ങളായിരുന്നു ലാവേ അദ്ദേഹത്തിന്റെ അനുയായികള്‍ക്കു പങ്കുവച്ചു നല്കിക്കൊണ്ടിരുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങളോടുള്ള കടുത്ത എതിര്‍പ്പ് സാത്താന്‍ സഭയുടെ മുഖമുദ്രയായിരുന്നു. സ്വന്തം സുഖം, സന്തോഷം, പ്രതികാരം തുടങ്ങിയ മനോഭാവം അനുയായികളില്‍ വളര്‍ത്തി.
ശത്രുക്കള്‍ കഠിനമായി വെറുക്കപ്പെടേണ്ടവരും തകര്‍ക്കപ്പെടേണ്ടവരുമാണെന്നു ഈ സംഘം പഠിപ്പിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ലൈംഗിക ആസക്തികള്‍ക്കു പ്രത്യേക പരിഗണനയും പരിവേഷമുണ്ടായിരുന്നു. പുജ്യമായ വസ്തുക്കളെ നിന്ദിക്കുന്നതും അവഹേളിക്കുന്നതും വൈകൃതങ്ങളുമൊക്കെ നിറഞ്ഞതാണ് സാത്താന്‍ പ്രേമികളുടെ അനുഷ്ഠാനങ്ങള്‍. ബ്ലാക്ക് മാസ് എന്നറിയപ്പെടുന്ന കറുത്ത കുര്‍ബാനയാണ് ഇതില്‍ പ്രധാനം. വിശുദ്ധ കുര്‍ബാനയെ വികലമായി അനുകരിച്ചു നടത്തുന്ന സാത്താന്‍ പൂജയാണിത്. ഇത്തരം കര്‍മങ്ങള്‍ക്കായി ദേവാലയങ്ങളില്‍നിന്നു തിരുവോസ്തി കവര്‍ന്നെടുക്കുകയോ ആരെയെങ്കിലും പണമോ മറ്റോ നല്കി സ്വാധീനിച്ചു സ്വന്തമാക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ പലേടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.