ഇയാള്‍ക്കു മുമ്പ് നൈറ്റ് ടെംബ്ലര്‍, ദി ഹെല്‍ഫയര്‍ ക്ലബ്, ദി ഹെര്‍മെറ്റിക് ഓര്‍ഡര്‍ ദി ഗോള്‍ഡന്‍ ഡോണ്‍ ആന്‍ഡ് അലിസ്റ്റര്‍ ക്രോലീ തുടങ്ങിയവര്‍ ഇത്തരം ആശയങ്ങളുടെ പ്രചാരകരായി രംഗത്തുവന്നിരുന്നു. ഈ സംഘങ്ങളുടെ ചരിത്രം ആന്റണ്‍ ചികഞ്ഞെടുത്താണു തിന്മയുടെ ശക്തികളെ പ്രീതിപ്പെടുത്താനുള്ള അനുഷ്ഠാനങ്ങള്‍ ഇയാള്‍ രൂപപ്പെടുത്തിയത്. മന്ത്രവാദിയെപ്പോലെ നീളന്‍കുപ്പായങ്ങള്‍ ധരിച്ചു. തലയോട്ടിയും മറ്റും ഒപ്പംകൊണ്ടു നടന്നു. ഭൂമിയിലെ കാര്യങ്ങളെ ഭരിക്കുന്ന, പ്രകൃതിയില്‍ ഒളിച്ചിരിക്കുന്ന കറുത്ത ശക്തിയാണു സാത്താനെന്ന് ഇയാള്‍ നിരൂപിച്ചു. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകെത്തുകയായ പ്രകൃതിജീവിയാണു മനുഷ്യന്, ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്, സുഖഭോഗങ്ങള്‍ക്കുള്ള വഴിയില്‍ തടസമായി വരുന്നവര്‍ ശപിക്കപ്പെട്ടവരാണ്.. എന്നിങ്ങനെ നീണ്ടു ഇയാളുടെ കണ്ടെത്തലുകളും പഠനങ്ങളും. മാധ്യമശ്രദ്ധ നേടിയതോടെ അപകടമറിയാതെ യുവതലമുറ വന്‍ തോതില്‍ ഇത്തരം നിഗൂഢപ്രവര്‍ത്തനങ്ങളിലേക്കു വഴുതിവീണു.
ആധുനിക സാത്താന് സഭയ്ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതു ആന്റണ്‍ എസ്. ലാവേ ആണെങ്കിലും സാത്താന് ആരാധനയുടെ തുടക്കം ഇയാളില്‍ അല്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ സാത്താനെ പൂജിക്കുന്ന നിരവധി മന്ത്രവാദികളും ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരും പിന്നീടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
പതിനേഴാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു കരുതുന്ന (അതിനേക്കാള്‍ പഴക്കമുണ്ടെന്ന വാദവും നിലവിലുണ്ട്) ദി ഗ്രിമോയ്ര് ഓഫ് ഹോണോറിയസ് (The Grimoire of Honorious) എന്ന മന്ത്രവാദ ഗ്രന്ഥത്തില്‍ തിന്മയുടെ ശക്തികളെ ആരാധിക്കുന്നതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. മന്ത്രവാദകര്‍മങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെട്ട അനുഷ്ഠാനങ്ങള്‍, ബ്ലാക്ക് മാസ് തുടങ്ങിയവയൊക്കെ ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലും ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സംഘടിത പ്രവര്‍ത്തനങ്ങളുടെ കാര്യമായ ചരിത്രമില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ബ്ലാക്ക് പോപ് എന്ന പേരില്‍ കുപ്രസിദ്ധനായ അലിസ്റ്റെര്‍ ക്രോലീയാണു തിന്മയുടെ ശക്തികളെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളുമായി സജീവമായത്. ആന്റണ്‍ എസ്. ലാവേ തുടങ്ങിവച്ച സാത്താന് സഭയുടെ നീക്കങ്ങള്‍ ലോകമെമ്പാടും വല വിരിച്ചിട്ടുണ്ട്. ഇരകള്‍ക്കായി നിരവധി കെണികളൊരുക്കി ഇത്തരം വിഷച്ചിലന്തികള്‍ കാത്തിരിക്കുന്നു.