റിയാദ് ഒഐസിസി നേതാവും സാമൂഹ്യ പ്രവർത്തകനുമായ സത്താർ കായംകുളം (56) അന്തരിച്ചു. കഴിഞ്ഞ മാസം മുതൽ റിയാദ് ശുമൈസി ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വിദഗ്ദ ചികിത്സക്കായി ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. 27 വർഷമായി റിയാദ് ഹോൾഡിങ് കമ്പനിയിൽ ജീവനക്കാരനാണ്.
റിയാദിലെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലകളിൽ സജീവ പ്രവർത്തകനായിരുന്നു സത്താർ.
റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എൻ.ആർ.കെ ഫോറത്തിന്റെ മുൻ വൈസ് ചെയർമാനായിരുന്നു. പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർകയുടെ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ്. ഭാര്യ: റഹ്മത്ത്,. മക്കൾ : നജൂ (ഐടി എഞ്ചിനീയർ, ബംഗളുരു), നജ (പ്ലസ് വൺ വിദ്യാർത്ഥിനി), നബീൽ മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി).