മുളങ്കുന്നത്തുകാവ്: കൈപ്പമംഗലത്ത് സിപിഎം-ബിജെപി സംഘർഷത്തിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് മരണമടഞ്ഞ സതീശന്റെ മൃതദേഹത്തിൽ പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കാത്ത നിരവധി പരിക്കുകളും ക്ഷതങ്ങളും. ഇന്നുരാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്പോഴാണ് മൃതദേഹത്തിലെ പരിക്കുകൾ ഡോക്ടർമാർ ശ്രദ്ധിച്ചത്. തുടർന്ന് കേസ് അന്വേഷണം നടത്തുന്ന സർക്കിൾ ഇൻസ്പെക്ടറോട് അടിയന്തിരമായി പോസ്റ്റുമോർട്ടം നടക്കുന്നിടത്തേക്ക് വരാൻ പോലിസ് സർജൻ ഡോ.ഹിതേഷ് ശങ്കർ സ്പെഷ്യൽ ബ്രാഞ്ച് എസ്പി മുഖേന നിർദ്ദേശം നൽകി. ഇന്നുരാവിലെ ഒന്പതരയോടെയാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്.
പോലീസ് മൃതദേഹം പരിശോധിച്ച നൽകിയ പ്രാഥമിക റിപ്പോർട്ടിൽ മൃതദേഹത്തിലെ ക്ഷതങ്ങളെക്കുറിച്ചും പരിക്കുകളെക്കുറിച്ചും പരാമർശിച്ചിട്ടില്ലത്രെ. അതിനാലാണ് ഇവ സ്ഥിരീകരിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനെ പോലീസ് സർജൻ വിളിച്ചുവരുത്തുന്നത്. തലയിലും തോളിലുമെല്ലാം ക്ഷതങ്ങളുണ്ട്. പോസ്റ്റുമോർട്ടം മെഡിക്കൽ കോളജിലെ സിസിടിവി കാമറയിൽ ഷൂട്ട് ചെയ്യുന്നതിന് പുറമെ ഫോറൻസിക് വിഭാഗത്തിന്റെ കാമറാമാനും ഷൂട്ട് ചെയ്യുന്നുണ്ട്.
സിപിഎം പ്രവർത്തകരോട് മൃതദേഹത്തിന്റെ അവകാശവാദവുമായി വരാൻ പാടില്ലെന്ന് സതീശന്റെ സഹോദരൻ ഗോപി കർശനമായി പറഞ്ഞിരുന്നു. ഇതെത്തുടർന്ന് സിപിഎം പ്രവർത്തകർ ഇന്ന് ആശുപത്രി പരിസരത്ത് എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം സിപിഎം സതീശൻ തങ്ങളുടെ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് എത്തിയിരുന്നു. എന്നാൽ നേരത്തെ പാർട്ടി അനുഭാവികളായിരുന്ന താനും സതീശനും കഴിഞ്ഞ പത്തുവർഷമായി പാർട്ടിയുമായി യാതൊരു ബന്ധവും പുലർത്തുന്നില്ലെന്ന് സഹോദരൻ ഗോപി വ്യക്തമാക്കി.
എന്റെ സഹോദരനെ സിപിഎമ്മുകാർ എന്റെ മുന്നിലിട്ടാണ് തല്ലിക്കൊന്നതെന്നും അവർ ഇങ്ങോട്ട് വരാൻ പാടില്ലെന്നും ഗോപി പോലീസിനോടും ആവശ്യപ്പെട്ടു. താനും ഭാര്യയും കണ്ടുനിൽക്കെയാണ് ആദ്യം രണ്ടുപേരും പിന്നീട് ഇരുപതോളം പേരും ചേർന്ന് സതീശനെ ആക്രമിച്ചതെന്നും ഗോപി പറയുന്നു. സിപിഎമ്മിലെ പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം പാർട്ടിയുമായി ബന്ധപ്പെടാറില്ലെന്നും ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് പോസ്റ്റുമോർട്ടത്തിന് അനാവശ്യ തിടുക്കം കാണിച്ചെന്നും മെഡിക്കൽ കോളജ് ജീവനക്കാരോട് അനാവശ്യമായി തട്ടിക്കയറിയെന്നും ആരോപണമുണ്ട്.
അതേസമയം ഇന്ന് പോസ്റ്റുമോർട്ടം നടക്കുന്ന സമയത്ത് കേസന്വേഷിക്കുന്ന സിഐയോ മറ്റ് പോലീസ് ഉദ്യോഗസ്ഥരോ സ്ഥലത്തില്ലെന്നതും വിവാദമായിട്ടുണ്ട്. സുരക്ഷക്കായി എആർ ക്യാന്പിൽ നിന്നും മെഡിക്കൽ കോളജിൽ നിന്നും പേരാമംഗലം, വിയ്യൂർ സ്റ്റേഷനുകളിൽ നിന്നും പോലീസുകാരെത്തിയിട്ടുണ്ട്. ബിജെപി ജില്ല പ്രസിഡന്റ് എ.നാഗേഷ് ഉൾപ്പടെയുള്ള ബിജെപി നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയിട്ടുണ്ട്.