കാഞ്ഞങ്ങാട്: “”മാർച്ചിൽ കൊറോണ വന്നത് മുതൽ പട്ടിണിയാണ്, കടലിൽ തോണിയിറക്കാൻ കഴിയാത്തതിനാൽ ചെറിയ ചുറ്റളവിൽ വലയിടാറുണ്ട്,
വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ വല നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. മാലിന്യം കുടുങ്ങി വല ചുരുണ്ട് മുഴുവൻ നശിക്കുന്നു”-പറയുന്നത് അജാനൂർ കടപ്പുറത്തെ മത്സ്യത്തൊഴിലാളി സതീശൻ.
ആളുകൾ ഇരുട്ടിന്റെ മറവിലും അല്ലാതെയും പുഴയിലും കടലിലുമായി തള്ളിയ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ സകലതും അജാനൂർ തീരത്ത് കടൽത്തിരമാലകള്‍ തിരിച്ചുതള്ളുന്ന പതിവുമുണ്ട്.
കടപ്പുറത്ത് മുഴുവൻ മാലിന്യം വന്നു നിറഞ്ഞതോടെ ഇതെങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശവാസികള്‍.
പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ചെരിപ്പുകള്‍, ചകിരി, ചിരട്ട, വൃക്ഷത്തടി എന്നിങ്ങനെ എളുപ്പത്തിൽ ദ്രവിക്കാത്ത ടൺ കണക്കിന് മാലിന്യമാണ് ബീച്ചിൽ അടിഞ്ഞത്.
ഇതിൽ കുപ്പി മാലിന്യങ്ങൾകൊണ്ടാണ് വലകൾ കൂടുതലും നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടൽത്തീരം നിറയെ. ചിലസമയങ്ങളിൽ അറവു മാലിന്യങ്ങളടക്കം വരുന്നു.
മാലിന്യക്കൊട്ടയായതിനാൽ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മണവും കൊതുകിന്റെ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കുന്നത് തടയാൻ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.
കട്ടമരവും കമ്പവലയും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം തീരത്തുനിന്ന് ഏഴ് നോട്ടിക് മൈലിനുള്ളിലാണ് നടക്കുന്നത്.
അശാസ്ത്രീയമായി റിംഗ് വല ഉപയോഗിക്കുന്നതിലൂടെ മത്സ്യക്കുഞ്ഞുങ്ങളും മീന്‍മുട്ടകളും പരമ്പരാഗത വലകളും വ്യാപകമായി നശിക്കാൻ കാരണമാകുന്നും. ഇതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാണ്.