പുട്ടും കടലയും…, പൂരി മസാല…, ഇഡ്ഡലി സാമ്പാർ…, ബട്ടൂറ ചന്നമസാല… മലയാളികളുടെ ഭക്ഷണ കോമ്പിനേഷനുകൾ ഇങ്ങനെയാണ്. ഇവ തമ്മിലേ ചേരൂ എന്ന മട്ടിലാണ് നമ്മുടെ നാട്ടുനടപ്പ്.
ആരുണ്ടാക്കിയതാവും ഈ ചേർച്ചപ്പട്ടിക? എന്നു മുതലാവും ഇത് നടപ്പിൽ വന്നിട്ടുണ്ടാകുക?
എന്ത് ബോധ്യത്തിലാവും നമ്മളും ഇത് പറഞ്ഞ് തുടങ്ങിയിട്ടുണ്ടാവുക?
ബട്ടൂറ നിങ്ങൾ നല്ല ചിക്കൻ കറി കൂട്ടി കഴിച്ച് നോക്കിയിട്ടുണ്ടോ സർ? പുട്ട് നല്ല കുടമ്പുളിയിട്ട മീൻ കറിയുടെ കൂടെ…, എന്തിന് നല്ല പൂരി കറിയൊന്നുമില്ലാതെ നല്ല ചായയിൽ മുക്കി തിന്ന് നോക്കിയിട്ടുണ്ടോ?
പാലക്കാട് വിജയലക്ഷ്മി വിലാസം ഹോട്ടലിലെ മെയിൻ മെനു തന്നെ ഇഡ്ഡലിയും മട്ടൻ കറിയുമാണ് എന്ന് നിങ്ങൾക്കറിയാമോ?
അത് അത്രയേ ഉള്ളൂ, നാട്ടുനടപ്പ് എന്നാൽ ശരിയായ/സത്യമായ ഒന്നാവണം എന്നില്ല സർ. എല്ലാവരും പോകുന്നു എന്നതിനാൽ അതാണ് ഏകവഴി എന്ന് നാം തെറ്റിദ്ധരിച്ച് പോകുന്നതാണ്.
സംശയാലുക്കളോ അത്യുത്സാഹികളോ ആയ മനുഷ്യരാണ് എപ്പോഴും പുതിയ വഴികളുണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ തിരസ്കരിക്കപ്പെട്ടവരും പൊതുവഴി നിഷേധിക്കപ്പെട്ടവരും അത് ചെയ്യുന്നുണ്ടാകും
ഇരപിടിയന്മാരിൽനിന്ന് ഓടിരക്ഷപ്പെടേണ്ടി വരുമ്പോഴും അപകടങ്ങളിൽനിന്ന് ഒളിച്ച്/ഒഴിഞ്ഞ് നിൽക്കേണ്ടി വരുമ്പോഴും ബദൽ വഴികൾ നിർമിക്കപ്പെടുന്നുണ്ടാവും.
കാരണങ്ങൾ എന്തൊക്കെയായാലും നിർമിക്കപ്പെടുന്ന പുതുവഴികളിൽ അപ്രതീക്ഷിതങ്ങളുടെ ഒരു ആനന്ദമുണ്ടാകും.
പിന്നീട് പരിചയിച്ചും പരിണമിച്ചും അവ നിശ്ചിതങ്ങളായി മാറും വരെ അവയിലെ ആ ആനന്ദം നിലനിൽക്കുകയും ചെയ്യും.
പറഞ്ഞു വരുന്നത് ചേർച്ചകളെക്കുറിച്ചാണ്. “അവരെന്ത് ചേർച്ചയാണ്..’ എന്ന് ചിലരെക്കുറിച്ച് നമ്മൾ വെറുതെയങ്ങ് നിശ്ചയിക്കുകയാണ്.
എന്തിന്, അവർപോലും അവരവരെക്കുറിച്ച് ആ വിധം തെറ്റിദ്ധരിക്കുകയാണ് എന്നതാണ് സത്യം. അതായത് ഈ “മേഡ് ഫോർ ഈച്ച് അദർ’ എന്നത് ഒന്നുകിൽ ഒരു അസത്യമോ തെറ്റിദ്ധാരണയോ ആണ് പലപ്പോഴും. മറ്റ് സാധ്യതകളെ നാളിതു വരെയും പരീക്ഷിച്ച് നോക്കിയിട്ടില്ലാത്തതുകൊണ്ട് മനസിലുണ്ടാവുന്ന ഒരു ധാരണ.
ഒരു കോമ്പിനേഷൻ മനോഹരമായിരിക്കാം. അതിനേക്കാൾ മനോഹരമായ മറ്റൊന്ന് ഉണ്ടാവില്ല എന്ന് വാശിപിടിക്കരുത് എന്ന് മാത്രം.
മനോഹരമെന്ന് നമുക്ക് തോന്നുന്ന ഒന്നിൽനിന്ന് ഇറങ്ങിപ്പോകുന്നവരെ അവന്/അവൾക്ക് എന്തിന്റെ കേടാണ് എന്ന് അവഹേളിക്കയുമരുത്.
അത്രയേ ഉള്ളൂ യുവറോണർ!