തൃശൂർ (പഴയന്നൂർ): ജില്ലയെ നടുക്കി വീണ്ടും കൊലപാതകം. പഴയന്നൂർ എളനാട്ടിൽ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് തിരുമണി സ്വദേശി സതീഷ് (കുട്ടൻ -37) എന്നയാളെയാണ് കോളനിക്ക് സമീപത്തെ കളത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടത്.
എട്ടുമാസം മുന്‍പ് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസ് പ്രതിയായ ഇയാൾ ജയിലിലായിരുന്നു. രണ്ടു മാസത്തെ പരോളിലിറങ്ങി മലപ്പുറത്താണ് ഇയാൾ താമസിച്ചിരുന്നത്.
രണ്ടുദിവസം മുന്‍പാണ് മലപ്പുറത്തുനിന്നും എളനാട്ടിലേക്ക് ഇയാൾ എത്തിയത്. ഇന്നലെ സതീഷിനെ അന്വേഷിച്ച് മലപ്പുറത്തുനിന്നു രണ്ടുപേർ വന്നതായി നാട്ടുകാർ പറയുന്നു.
മലപ്പുറത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതുചോദിക്കാൻ എത്തിയവരാണോ രണ്ടുപേരെന്നും പരിശോധിക്കുന്നു.
ആളൊഴിഞ്ഞ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു സ്ഥിരം മദ്യപൻമാരുടെ താവളമാണെന്നും ഇന്നലെ രാത്രിയിലും ഇവിടെനിന്നു ബഹളം കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. ചേലക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.