ഹൃദ്യവും രാഗാധിഷ്ഠിതവുമായ ഈണങ്ങളൊരുക്കി ശ്രദ്ധേയനാവുകയാണ് സംഗീത സംവിധായകൻ സതീഷ് വിശ്വ. പാട്ടിന്റെ ലോകത്ത് വലിയ ആളാകാനൊന്നും മോഹമില്ലെങ്കിലും ചെയ്യുന്ന പാട്ടുകൾക്കൊക്കെ മൗലികതയും തനിമയും വേണമെന്നാണ് ഈ പത്തനംതിട്ട സ്വദേശിയുടെ ആഗ്രഹം.
ചലച്ചിത്രഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയുമെല്ലാം സംഗീതലോകത്ത് ചുവടുവച്ച് മുന്നേറുന്ന യുവസംഗീതസംവിധായകന്റെ വിശേഷങ്ങളിലൂടെ.
ശില്പിയായെത്തി പാട്ടുകാരനായി മടങ്ങി!
അന്തരിച്ച സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനുവേണ്ടി ഗണപതി ശില്പം നിർമിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ് തനിക്ക് വഴിത്തിരിവായതെന്നു സതീഷ് പറയുന്നു. സതീഷിന്റെ പാട്ടും മനസിലെ ഈണങ്ങളും കേട്ട എം.ജി. രാധാകൃഷ്ണൻ സംഗീതവുമായി മുന്നോട്ടു പോകാൻ സതീഷിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിൽനിന്നു സംഗീതാനുഭവങ്ങളും സംഗീത നിഷ്ടകളുമൊക്കെ ഹൃദിസ്ഥമാക്കാനും സതീഷിനായി.
വരയിലും മികവ്
സതീഷ് നിർമിച്ച പല ശില്പങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം വരച്ച ചിത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. നിരവധി സെലബ്രിറ്റികളുടെ കാരിക്കേച്ചറുംമറ്റും വരച്ചത് അവർക്ക് നേരിട്ട് സമ്മാനിക്കാനും അവരിൽനിന്ന് അഭിനന്ദനമേറ്റുവാങ്ങാനും സതീഷിന് അവസരമുണ്ടാക്കി.
സംഗീതസംവിധാനത്തിൽ കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനമെങ്കിലും ശില്പനിർമാണവും വരയും വിട്ടുകളയാൻ ഇദ്ദേഹം തയ്യാറല്ല.
പാട്ടിൻവഴിയേ…
പി. ജയചന്ദ്രൻ, എം.ജി. ശ്രീകുമാർ, സംഗീതസംവിധായകൻ ശരത്, മധു ബാലകൃഷ്ണൻ, ബിജു നാരായണൻ തുടങ്ങി നിരവധി പ്രശസ്തർ സതീഷിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.
എം.ജി. ശ്രീകുമാർ ആലപിച്ച “തിരുവോണത്തിരുനാളിൽ പൂവിളിയുയരുന്പോൾ’’ എന്ന ഓണപ്പാട്ട് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആൽബങ്ങൾക്കു പുറമേ നിരവധി പരസ്യ ചിത്രങ്ങൾക്കും സതീഷ് ഈണമൊരുക്കിയിട്ടുണ്ട്.
സ്വർഗവാതിൽപ്പക്ഷികൾ, ഐശ്വര്യത്തിന്റെ സൈറണ് തുടങ്ങിയവയാണ് സതീഷ് സംഗീതസംവിധാനം നിർവഹിച്ച സിനിമികൾ. അല്ലി എന്ന സിനിമയിലെ ഗാനത്തിന്റെ കന്പോസിംഗിലാണിപ്പോൾ. കോവിഡിനെത്തുടർന്ന് ഇതിൽ പല പദ്ധതികളും “ലോക്ഡൗണി’ലായത് സതീഷിന് പ്രതിസന്ധിയായിട്ടുണ്ട്.
മഹാമാരിയുടെ കെടുതികൾക്കിടയിൽ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, ഹരിബാബു, ബോബൻ തുടങ്ങിയ ഏതാനും സംഗീതസ്നേഹികളുടെ വലിയ പിന്തുണയിലാണ് സതീഷ് ജീവിതം മുന്നോട്ടുനീക്കുന്നത്.
പ്രതിസന്ധികളും ബുദ്ധിമുട്ടുകളുമെല്ലാം വഴിമാറുമെന്ന പ്രത്യാശയിൽ മനസിൽ ഈണം കോർക്കുകയാണ് ഈ സർഗപ്രതിഭ…
ഫോൺ:7034704621